ന്യൂദല്‍ഹി:പാര്‍ലമെന്റില്‍ സീമന്തരേഖയില്‍ സിന്ദൂരം തൊട്ടും കൈകളില്‍ വളകളണിഞ്ഞും എത്തിയ തൃണമൂല്‍ നേതാവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാന്‍ റൂഹിക്കെതിരെ ഫത്വ.ഇസ്ലാമികാചാരത്തിനു വിരുദ്ധമായി സിന്ദൂരം തൊട്ടതിനും മുസ്ലിമല്ലാത്തയാളെ വിവാഹം കഴിച്ചതിനുമാണ് ഫത്വ. ബംഗാളിലെ ദിയോബന്ദിലുള്ള ഇസ്ലാമിക പുരോഹിതന്മാരാണ് ഫത്വ ഇറക്കിയിരിക്കുന്നത്.
”അന്വേഷണത്തില്‍ നുസ്രത്ത് ഒരു ജൈനനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. ഇസ്ലാം പറയുന്നത് ഒരു മുസ്ലിം സ്ത്രീക്ക് മുസ്ലിമിനെ മാത്രമേ വിവാഹം ചെയ്യാനാകൂ എന്നാണ്. മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത്, നുസ്രത്ത് ഒരു നടിയാണ്, ഈ നടിമാര്‍ മതത്തെ കാര്യമായി പരിഗണിക്കാറില്ല,” ഫത്വ് ഇറക്കുന്നതിന് നേതൃത്വം വഹിച്ചവരിലൊരാളായ മുഫ്തി അസദ് വാസ്മി പറഞ്ഞു.
അതേസമയം തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്‍ രംഗത്തെത്തി. താന്‍ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ക്ക് അപ്പുറമാണ് ഇന്ത്യയെന്നും നുസ്രത്ത് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് നുസ്രത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും നുസ്രത്ത് കുറിച്ചു. ‘മുസ്ലീം മത വിശ്വാസിയാണെങ്കിലും ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാന്‍ എന്ത് ധരിക്കണമെന്നതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളില്‍ വിശ്വസിക്കുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതുമാണ് യഥാര്‍ത്ഥ വിശ്വാസം’- നുസ്രത്ത് ട്വീറ്റ് ചെയ്തു.
ബിസിനസുകാരനായ നിഖില്‍ ജെയ്നുമായുള്ള വിവാഹത്തിന് ശേഷം ജൂണ്‍ 25-നാണ് നുസ്രത്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ച്ചയായി പുറത്തിറങ്ങുകയും വാര്‍ത്തയാവുകയും ചെയ്യുന്ന ട്രോളുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് പറഞ്ഞ നുസ്രത്ത് ട്രോള്‍ ഉണ്ടാക്കുകയെന്നത് അവരുടെ ജോലിയാണെന്നും തന്റെ ജോലി ജനങ്ങളെ സേവിക്കുകയാണെന്നും പറഞ്ഞിരുന്നു.
















