ഇടുക്കി: പീരുമേട് സബ്ജയിലിലെ റിമാന്‍ഡ് തടവുകാരന്‍ രാജ്കുമാറിനെ കിരാതമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമം. കുറ്റകൃത്യം മറയ്‌ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പോലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളില്‍ പോലീസ് പറയുന്നത്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
രണ്ട് ജീപ്പ് പോലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്‌സാക്ഷി ആലീസിന്റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പോലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതിയായ വാഗമണ്‍ കോലഹലമേട് സ്വദേശി രാജ്കുമാറിനെ 12നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ 40 ലക്ഷം രൂപ വീട്ടിലുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇതെടുക്കാന്‍ രാത്രി ഒരു മണിയോടെ നെടുങ്കണ്ടം തൂക്കുപാലത്തെ വീട്ടിലെത്തിച്ചു.
ഈ സമയം നീളമുള്ള വടി ഉപയോഗിച്ച് മര്‍ദിച്ച് അവശനാക്കിയെന്ന് ദൃക്‌സാക്ഷിയും സമീപവാസിയുമായ നെടുങ്കണ്ടം സ്വദേശി അരുണ്‍ പറഞ്ഞു. പോലീസിന് കൈക്കൂലി നല്‍കാമെന്ന് പറഞ്ഞതായും ഇതെടുക്കാനാണ് വന്നതെന്നും ഇദ്ദേഹം പറയുന്നു. പിന്നീട് വാഗമണ്ണിലെ വീട്ടിലെത്തിച്ചപ്പോള്‍ വയറില്‍ വടിക്ക് അടിച്ചതായും ഒരു പോലീസുകാരന്‍ കുനിച്ചുപിടിച്ച് ഇടിച്ച് തള്ളി മുറിക്കുള്ളിലേക്ക് ഇട്ടതായും സമീപവാസി രാജേന്ദ്രന്‍ പറഞ്ഞു. അലറിക്കരഞ്ഞിട്ടും പണം എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
മകനെ നെടുങ്കണ്ടം പോലീസ് മര്‍ദിച്ച് കൊന്നതാണെന്ന് അമ്മ കസ്തൂരി ഉറപ്പിച്ച് പറയുന്നു. പോലീസുകാര്‍ കാലില്‍ വടിക്ക് അടിച്ചാണ് വാഹനത്തില്‍ തിരിച്ചു കയറ്റിയത്. കള്ളം പറഞ്ഞ് കൊണ്ടുവന്നുവെന്ന് പറഞ്ഞ് അസഭ്യ വര്‍ഷമായിരുന്നെന്നും സ്റ്റേഷനിലെത്തിയാല്‍ നിന്നെ പിച്ചിച്ചീന്തുമെന്ന് പറഞ്ഞതായും അമ്മ പറയുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
സംഭവത്തില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി കോടതിയിലെ ജഡ്ജി കൃത്യമായ പരിശോധന നടത്തിയില്ലെന്ന വിമര്‍ശനവുമുണ്ട്. നടക്കാന്‍ വയ്യെന്ന് പോലീസ് പറഞ്ഞതിനാല്‍ ജഡ്ജി ജീപ്പിലെത്തി പരിശോധിക്കുകയായിരുന്നു. 16ന് രാത്രി ഒമ്പതിന് ജഡ്ജിയുടെ വീട്ടിലെത്തിച്ചായിരുന്നു ഇത്.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് രോഗിക്ക് കാര്‍ഡിയാക് മസാജ് (സിപിആര്‍) നല്‍കിയെന്ന പോലീസ് വാദം അധികൃതര്‍ തള്ളി. ഇതുമൂലം വാരിയെല്ല് പൊട്ടിയെന്നാണ് ഫോറന്‍സിക് വിഭാഗം കോടതിക്ക് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തിലൊരു രോഗിയെ ഒരു കാരണവശാലും ആശുപത്രിയില്‍ നിന്നു പറഞ്ഞുവിടാറില്ലെന്നും കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും പറയുന്നു. ഒപിയിലെത്തിച്ചെങ്കിലും വേഗം തന്നെ മടക്കി കൊണ്ടുപോവുകയായിരുന്നു.
















