തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞതുമൂലം ഇത്തവണ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി. 100 വര്‍ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷമാണ് ഈ ജൂണില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 35 ശതമാനം മഴയാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കേയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മാത്രമാണ്.
1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ഇതില്‍ 2009, 2014 വര്‍ഷങ്ങള്‍ കാലാവസ്ഥാ മാറ്റം വരുത്തുന്ന എല്‍ നിനോ പ്രതിഭാസത്തിന് കീഴിലായിരുന്നു മഴ കുറഞ്ഞത്. ഇത്തവണയും ഇതേ പ്രതിഭാസം ഉണ്ടായിരിക്കാം എന്നാണ് സൂചന.
















