കോഴിക്കോട്: ഖത്തറിലെ സ്വര്‍ണ്ണവ്യാപാരിയും കൊടുവള്ളി നഗരസഭാംഗവുമായ കോഴിശേരി മജീദിനെ കൊടി സുനി ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മജീദിന്റെ ഭാര്യ എ കെ ഷെബീന പോലീസില്‍ പരാതി നല്‍കി. കൊടുവള്ളി സിഐക്കാണ് പരാതി നല്‍കിയത്.
സുനിയുടെ ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ തനിക്കും കുടംബത്തിനും സംരക്ഷണം നല്‍കണമെന്ന് ഷബീന പരാതിയില്‍ അവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മജീദ് ഖത്തര്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. സുനിയുടെ സുഹൃത്തിന്റെ കൈവശമുള്ള സ്വര്‍ണം രേഖയില്ലാതെ വാങ്ങാന്‍ വിസമ്മതിച്ചതാണ് ഭീഷണിയ്‌ക്കു കാരണം. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മജീദിന്റെ ഭാര്യയും മാതാവും ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.
കഴിഞ്ഞമാസം 20-ന് 9207073215-എന്ന നമ്പറില്‍ നിന്ന് വിളിച്ചാണ് സുനി തന്നെ ഭീഷണിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശി ഫെഫീക് എന്നയാളാണ് ആദ്യം വിളിച്ചത്. ഇയാള്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയും നിരക്കും മറ്റും ചോദിക്കുകയും ചെയ്തു. പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണി.
















