തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അതാണ് സര്‍ക്കാര്‍ നയം. ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തണം എന്ന് സിപിഐ ജില്ലാ ഘടകം ആവശ്യപ്പെടുന്നുണ്ടെന്നും കാനം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് തെറ്റു ചെയ്തത് ആരായാലും അവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും കാനം ആവശ്യപ്പെട്ടു.
നേരത്തേ ഇടുക്കി എസ്പിക്ക് ഇതില്‍ കൃത്യമായ അറിവുണ്ടായിരുന്നെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആരോപിച്ചിരുന്നു. എസ്പി അറിയാതെ ഇത്ര ക്രൂരമായ മര്‍ദ്ദനമുറകളുണ്ടാകില്ലെന്നും ശിവരാമന്‍ പറഞ്ഞു. ”രാജ്കുമാറിന്റെ കസ്റ്റഡി മരണം ഗൗരവമുള്ളതാണ്. ഇതിന് പിന്നിലുള്ള പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതില്‍ കട്ടപ്പന ഡിവൈഎസ്പിക്കും ഇടുക്കി എസ്പിക്ക് തന്നെയുമുള്ള പങ്ക് അന്വേഷിക്കപ്പെടേണ്ടതാണ്.
ഇടുക്കി എസ്പി ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമല്ല. പോലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചു വിട്ടു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോള്‍ അത് പോലും കൊടുക്കാത്ത ക്രൂരതയാണുണ്ടായത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം വേണം. ഇടുക്കി ജില്ലാ പോലീസ് മേധാവിയെ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താന്‍”, കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
വിഷയം നിയമസഭയിലടക്കം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് സിപിഐയും പോലീസിനെ തള്ളി രംഗത്തെത്തിയത്. അതേസമയം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായതോടെ പോലീസിനെ കുറ്റപ്പെടുത്തി തടിയൂരുകയാണ് മന്ത്രി എം എം മണി.
അതിനിടെ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
















