തിരുവനന്തപുരം: ഏത് സമിതികളും സര്‍ക്കാര്‍ സംവിധാനങ്ങളും തങ്ങളുടെ വരുതിയിലാകണമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യം നിശ്ചലമാക്കിയത് ജാഗ്രതാ സമിതികളെ. പോലീസിന്റെ ജനസൗഹൃദ പദ്ധതികളും പാര്‍ട്ടി ഇടപെടലില്‍ നിര്‍ജീവമായി.
സ്ത്രീ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി രൂപവല്‍ക്കരിച്ച ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും പോലീസ് സ്റ്റേഷനുകളെ ജനസൗഹൃദമാക്കാന്‍ ആരംഭിച്ച ജനമൈത്രി, വനിതാ ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയ പദ്ധതികളും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും അവതാളത്തിലാണ്. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 4,653 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 13,738 കേസുകളാണുണ്ടായത്. 2009 ല്‍ 10,781 ഉം. കുട്ടികള്‍ക്ക് നേരയുള്ള അതിക്രമ കേസുകളുടെ എണ്ണം ഒാരോ വര്‍ഷം കഴിയുംതോറും ഇരട്ടിയായി മാറുന്നു. 2009 ല്‍ 589 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം 3,543 കേസുകളാണ് രജിസ്റ്റ ചെയ്ത്. ഈ വര്‍ഷം ഏപ്രില്‍ വരെ 1,394 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ഇതനുസരിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ കൂടിക്കൂടി വരികയാെണന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2007 ല്‍ കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപവല്‍ക്കരിച്ചത്. വനിതാ കമ്മീഷന്, ജില്ലാ ജാഗ്രതാ സമിതികള്‍, തദ്ദേശ സ്ഥാപനതല ജാഗ്രതാ സമിതി, വാര്‍ഡുതല സമിതി എന്നിങ്ങനെയാണ് പ്രവര്‍ത്തനഘടന സജ്ജീകരിച്ചിരുന്നത്. മാസത്തില്‍ ഒരു തവണ ജാഗ്രതാ സമിതി ചേരണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലയിടങ്ങളിലും സമിതികള്‍ കടലാസില്‍ മാത്രമായി.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കണ്‍വീനറുമായാണ് സമിതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, പോലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, ഡോക്ടര്‍മാര്‍, വനിതാവക്കീല്‍, പട്ടികജാതി വനിതാ മെമ്പര്‍മാര്‍, സാമൂഹികപ്രവര്‍ത്തക തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് ജാഗ്രതാ സമിതികള്‍. അതിക്രമങ്ങളോ പീഡനങ്ങളോ സംബന്ധിച്ചുള്ള പരാതികള്‍ വാര്‍ഡ് തലങ്ങളില്‍ സ്വീകരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും പരാതിയുടെ ഗൗരവമനുസരിച്ച് നടപടി സ്വീകരിക്കുവാനും അധികാരമുള്ള തരത്തിലാണ് സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍ ഇവയെ നിയന്ത്രിക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഇടപെടല്‍ സമിതികളെ ദുര്‍ബലമാക്കി. ഇതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വതന്ത്രമായി പരാതികള്‍ പറയാനും വേഗത്തില്‍ നടപടികള്‍ എടുക്കാനും കഴിയുമായിരുന്ന സമിതികളാണ് പലയിടങ്ങളിലും പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയത്. പിന്നീട് പരാതിക്കായി ആശ്രയിക്കേണ്ടിവരുന്നത് പോലീസ് സ്റ്റേഷനുകളെയാണ്. ഇവിടെ അവസ്ഥ മറ്റൊന്നാണ്.
പല പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസുകാര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇത് മൂലം വ്യക്തമായ പരാതികള്‍ പറയാന്‍ കഴിയാത്ത അവസ്ഥയായി. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങളുമായി സഹകരിച്ച് രൂപീകരിച്ച ജനമൈത്രി സമിതികള്‍ ഇന്ന് നിര്‍ജീവമാണ്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളെയും ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചുവെങ്കിലും ബീറ്റ് പോലീസ് ഫലം കണ്ടില്ല. റസിഡന്റ്സ് അസോസിയേഷന് പരിധിയിലും ബീറ്റ് പരിശോധനകള്‍ നടത്തി ജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസുകാരുടെ കുറവ് തിരിച്ചടിയായി.
















