ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ വികസിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
കൊച്ചിയിലേത് പോലെ തിരുവനന്തപുരത്തും സര്‍ക്കാര്‍ പങ്കാളിത്തം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്പൂരി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.
നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ രംഗത്തുവന്നിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്‌പൂര്‍, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലേല നടപടികള്‍ പൂര്‍ത്തിയായിയെന്നും ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കും. എയര്‍ട്രാഫിക് മാനേജ്മന്റ്, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെ നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യക്കായിരിക്കുമെന്നും വ്യോമയാനമന്ത്രി മറുപടി നല്‍കുകയായിരുന്നു.
















