പീരുമേട് : സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്നും അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷന്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.
രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഈ രണ്ട് കാര്യങ്ങളിലും അന്വേഷണം നടത്തും. സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി ക്രൈംബ്രാഞ്ച് ശനിയാഴ്ചയോ, ഞായറാഴ്ചയോ രേഖപ്പെടുത്തും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും കേസില്‍ അന്വേഷണം നടത്തുന്നത്.
ഈ മാസം 18, 19 തിയ്യതികളിലാണ് രാജ് കുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ഒപി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പോലീസുകാര്‍ 19ന് തിരിച്ച് കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലും 19ന് രാജ്കുമാറിന്റെ പേര് ചേര്‍ത്തിട്ടില്ല. ഇതിനിടെ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.
കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
















