കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ എസ്‌റ്റേറ്റ് തൊഴിലാളി മദ്യം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍. നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പന്‍ ആണ് മരിച്ചത്. ചെമ്പിരി പണിയ കോളനി നിവാസിയായ കൊളമ്പന് അറുപത് വയസായിരുന്നു. കൊളമ്പന്റെ ഒപ്പം മദ്യം കഴിച്ച നാരായണന്‍, ഗോപാലന്‍ എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊളമ്പന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു
നാരായണനും, ഗോപാലനും, കൊളമ്പനും ചേര്‍ന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിച്ച ശേഷം ഇവര്‍ മൂന്ന് വഴിക്ക് പിരിഞ്ഞു. അതിനുശേഷം പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല.
അതേസമയം ഇത് വിഷമദ്യ ദുരന്തമല്ലെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വി. ജെ. മാത്യു അഭിപ്രായപ്പെട്ടു. വിഷമദ്യമാണെങ്കില്‍ രക്തം ഛര്‍ദ്ദിക്കുകയില്ലെന്നും കാഴ്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡി വൈ എസ് പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. രാത്രിയില്‍ നടത്തിയ പരിശോധനയില്‍ കോളനിയില്‍ നിന്നും മദ്യം കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.
















