ബാബയെ സേവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയവരായിരുന്നു ഷിര്‍ദിയിലെ ഗ്രാമീണര്‍. സദാ സന്നദ്ധരായി നിന്ന ഭക്തസഞ്ചയം. ആ നിഷ്‌കാമ സേവനത്തിലൂടെ അവര്‍ ഈശ്വരനെ തൊട്ടറിഞ്ഞു. ബാബയായിരുന്നു അവര്‍ക്കെല്ലാം. വിശപ്പകറ്റാനും വ്യാധിയകറ്റാനും തുണയായി നിന്ന ഈശ്വര ചൈതന്യം.
ഷിര്‍ദിയിലെ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ബയ്യാജി ബായി. കൗമാരത്തില്‍ ഷിര്‍ദിയിലെത്തിയ ബാബയെ മാതൃസവിശേഷമായ സ്‌നേഹത്തോടെ അവര്‍ പരിചരിച്ചു. അക്കാലത്ത് ബാബ സദാ കാടിനുള്ളിലാണ് കഴിച്ചു കൂട്ടിയത്. വല്ലപ്പോഴുമൊക്കെ ഗ്രാമത്തിലെത്തി അലഞ്ഞു നടക്കും.
ബാബയിലെ ദിവ്യത്വം തിരിച്ചറിഞ്ഞ ആദ്യ മൂന്നു വ്യക്തികളില്‍ ഒരാളായിരുന്നു ബയ്യാജി ബായി. ഖണ്ഡോപാ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന മഹാലസ്പതിയും ബയ്യാജിയുടെ മകന്‍ താത്യാപാട്ടീലുമായിരുന്നു മറ്റു രണ്ടു പേര്‍. കാട്ടിനുള്ളില്‍ എവിടെയാണ് ബാബ ധ്യാനനിരതനായിരിക്കുന്നതെന്ന് കണ്ടത്തുക ഏറെ പ്രയാസമാണ്. എങ്കിലും ബാബയ്‌ക്കുള്ള ഭക്ഷണം നിറച്ച പാത്രവുമായി ബയ്യാജി എന്നു കാട്ടില്‍ അലഞ്ഞു നടക്കും. എത്ര ബുദ്ധിമുട്ടിയാലും ബാബയെ തിരഞ്ഞു പിടക്കും. ഇലയിട്ട് ഭക്ഷണം വിളമ്പിക്കൊടുക്കും. കൊണ്ടു പോയ ഭക്ഷണം തീരും വരെ അരികിലിരിക്കും. അതുകഴിഞ്ഞാണ് മടക്കയാത്ര. ബാബയെ ഊട്ടിയ ശേഷമേ അവര്‍ ഉണ്ണാറുള്ളൂ.
ഒരു നാള്‍പോലും മുടക്കം വരുത്താതെ ബയ്യാജി അത് തുടര്‍ന്നു. ബയ്യാജിയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് ബാബയ്‌ക്ക് തോന്നി. അങ്ങനെയാണ് ബാബ ഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായൊരു കെട്ടിടത്തില്‍ സ്ഥിര താമസമാക്കിയത്. അതാണ് ദ്വാരകാമായിയെന്ന് പ്രസിദ്ധമായ, ബാബയുടെ വാസസ്ഥലം.
എല്ലാ ദിവസവും രാവിലെ ബാബ ഭിക്ഷാടനത്തിനിറങ്ങും. ആദ്യമെത്തുക ബയ്യാജിയുടെ വീട്ടിലാണ്. ഏതു തിരക്കിനിടയിലും ബാബയുടെ ശബ്ദം കേട്ടാല്‍ അവര്‍ ഓടിയെത്തും. ബാബയ്‌ക്ക് നല്‍കാനായി ചോളത്തിന്റെ റൊട്ടിയും പച്ചക്കറികളും ഒരുക്കിവെച്ചിട്ടുണ്ടാകും. അവിടെ നിന്നിറങ്ങി ബാബ വീണ്ടും ഭിക്ഷതേടും. ഗ്രാമീണരെല്ലാം അദ്ദേഹത്തിന്റെ വരവുകാത്തിരിക്കും.
1876 ല്‍ മഹാരാഷ്‌ട്രയിലെ കൊടും വറുതിക്കാലത്ത് ബയ്യാജി ബായിയുടെയും നന്ദുറാമിന്റെയും വീട്ടില്‍ നിന്നാണ് ബാബ ഭക്ഷണം കഴിച്ചിരുന്നത്. ഉള്ളതില്‍ പാതി അവര്‍ ബാബയ്‌ക്ക് നല്‍കി വന്നു. സമ്പന്ന കുടുംബമായിരുന്നു ഇരുവരുടേതും.
ഈ സ്‌നേഹവാത്സല്യങ്ങള്‍ക്കു പകരമായി എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ബാബ ഒരിക്കല്‍ ബയ്യാജി യോട് ചോദിച്ചു. അത് സമ്പത്തോ, കുംടുംബസൗഖ്യമോ എന്തുമാകാമെന്നു പറഞ്ഞ ബാബയോട് മടിച്ചു മടിച്ചാണ് ബയ്യാജി ഒരു കാര്യം പറഞ്ഞത്. മൂന്നു ഭാര്യമാരുണ്ടായിരുന്നിട്ടും തന്റെ മകന്‍ താത്യയ്‌ക്ക് കുട്ടികളില്ല. അവന് സന്താന ഭാഗ്യം നല്‍കണം. അതുമാത്രമാണ് ആവശ്യപ്പെട്ടത്. മരണശയ്യയിലും അവര്‍ ആയൊരു കാര്യം മാത്രം ആവര്‍ത്തിച്ചു. ബാബയുടെ കാരുണ്യത്താല്‍ ആ പ്രാര്‍ഥന ഫലിച്ചു.
സ്വന്തം സഹോദരനെയെന്ന പോലെയാണ് താത്യ പാട്ടീലിനെ ബാബ സ്‌നേഹിച്ചത്. അസാധാരണമായിരുന്നു ആ ബന്ധം. രാത്രയില്‍ ദ്വാരകാമായിയല്‍ ബാബയ്‌ക്കൊപ്പം ഉറങ്ങാനുള്ള അനുമതി മഹാലസ്പതിക്കും താത്യയ്‌ക്കും മാത്രമാണുണ്ടായിരുന്നത്. ചില വിശേഷവേളകളില്‍ ബാബയെ പുതുവസ്ത്രങ്ങളണിയിച്ച് അലങ്കരിക്കാനുള്ള അധികാരം താത്യയ്‌ക്ക് മാത്രമായിരുന്നു. കൃഷിയിടത്തില്‍ നിന്ന് ക്ഷീണിച്ചെത്തുന്ന താത്യയുടെ കൈകാലുകള്‍ ബാബ തടവിക്കൊടുക്കുമായിരുന്നു. താത്യയ്‌ക്ക് ആവശ്യമുള്ള പണവും ബാബ നിത്യേന നല്‍കും. പ്രതിദിനം 35 രൂപ.
1916 ല്‍ താത്യയുടെ മരണം ബാബ പ്രവചിച്ചു. രണ്ടു വര്‍ഷം കൂടിയേ താത്യയ്‌ക്ക് ആയുസ്സുള്ളൂ. ബാബയുടെ ആരോഗ്യവും ആ സമയത്ത് ക്ഷയിച്ചു തുടങ്ങി.താത്യയും രോഗബാധിതനായി വീട്ടില്‍ കിടപ്പായി. ബാബ ആളെ അയച്ച് താത്യയെ ദ്വാരകാമായിയിലേക്ക് കൊണ്ടു വന്നു. താത്യയെ കുറച്ച് പാല്‍ച്ചോറ് കഴിപ്പിച്ച ശേഷം ബാബ ഇങ്ങനെ പറഞ്ഞു. ‘താത്യാ നമുക്ക് കിടക്കാന്‍ ഞാന്‍ രണ്ട് ശവമഞ്ചം വാങ്ങി. പക്ഷേ ഇപ്പോഴെന്റെ മനസ്സു പറയുന്നു , നിനക്കു മുമ്പേ ഞാന്‍ പോകുന്നതാണ് നല്ലതെന്ന്. നിന്നെ ഞാന്‍ കൂടെ കൂട്ടുന്നില്ല.’ ഇത്രയും പറഞ്ഞ് ബാബ, അല്പം വിഭൂതിയെടുത്ത് താത്യയുടെ നെറ്റിയില്‍ തേച്ചു. അതിനു ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. കണ്ണില്‍ നിന്ന് മറയും വരെ തന്റെ പ്രിയപ്പെട്ട താത്യയെ ബാബ ഇമ പൂട്ടാതെ നോക്കി നിന്നു. രണ്ടു നാള്‍ കഴിഞ്ഞ് ബാബ സമാധിയായി. അതു കഴിഞ്ഞ് 27 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താത്യയുടെ മരണം. ബാബ തന്റെ ജീവന്‍ താത്യാ പാട്ടീലിനു വേണ്ടി പരിത്യജിക്കുകയായിരുന്നുവെന്ന് ഷിര്‍ദിയിലെ ജനത ഇന്നും വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: