ബെംഗളൂരു: ജനതാദള്‍ എസുമായുള്ള ബന്ധമാണ് പാര്‍ട്ടിയെ കര്‍ണാടകത്തില്‍ ദുര്‍ബലപ്പെടുത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട സഖ്യമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സഖ്യത്തിലുണ്ടായ ഭിന്നതയും പ്രാദേശിക നേതൃത്വങ്ങളുടെ എതിര്‍പ്പും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു.
കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്. സഖ്യത്തിനെതിരെ തുടക്കം മുതലുണ്ടായ മോശം പ്രതിച്ഛായയും അണികള്‍ക്കിടയിലെ എതിര്‍പ്പും തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചു. മുതിര്‍ന്ന നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളും ഒറ്റക്കെട്ടായാണ് ആരോപണം ഉന്നയിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നേരിട്ടത്. 21 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖാന്‍ഡ്രെയെയും നിലനിര്‍ത്തിയാണ് മറ്റു ഭാരവാഹികളെ ഒഴിവാക്കിയത്. മൂന്നാഴ്ചയ്‌ക്കുള്ളില്‍ പിസിസി പുനഃസംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ജനങ്ങളെ പഴിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ രംഗത്തെത്തി. ബാദമിയില്‍ നടന്ന പൊതുചടങ്ങിലായിരുന്നു വിമര്‍ശനം. ജനങ്ങള്‍ നന്ദികേട് കാണിച്ചു. എന്റെ മണ്ഡലത്തിലെങ്കിലും എന്റെ പാര്‍ട്ടിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ ബദാമിയിലെ ജനങ്ങള്‍ 9,000 ലീഡ് ബിജെപിക്ക് നല്‍കി. എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതെന്ന് എനിക്കറിയില്ല, അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ജനങ്ങളെ പഴിപറഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു.
















