ചേര്‍ത്തല: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയംഗം എ.കെ. ആന്റണിയുടെ തട്ടകത്തില്‍ ബിജെപിക്ക് അട്ടിമറി വിജയം. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എ. സുരേഷ്‌കുമാര്‍ 38 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുക്കുകയയിരുന്നു.
എ.കെ. ആന്റണിയുടെ കുടുംബവീടായ അറയ്‌ക്കപ്പറമ്പില്‍ വീട് ഈ വാര്‍ഡിലാണ്. ആന്റണി ഇവിടുത്തെ വോട്ടറല്ലെങ്കിലും സഹോദരനും കുടുംബത്തിനും ഇവിടെയാണ് വോട്ട്. 333 വോട്ടാണ് സുരേഷ്‌കുമാര്‍ നേടിയത്. കോണ്‍ഗ്രസിലെ എ. മുരളീധരഷേണായിക്ക് 295 വോട്ടും എല്‍ഡിഎഫ് സ്വതന്ത്രന്‍ പ്രദീപ്കുമാറിന് 103 വോട്ടുമാണ് ലഭിച്ചത്. ഇതോടെ ചേര്‍ത്തല നഗരസഭയില്‍ ബിജെപിക്ക് രണ്ട് അംഗങ്ങളായി.
സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 21 ഉം യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രര്‍ ഒരു സീറ്റും നേടി.
ബി.ജെ.പി വിജയിച്ച വാര്‍ഡുകള്‍:(ജില്ല, പഞ്ചായത്ത്,വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍). തിരുവനന്തപുരം – മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – കുഴിവിള – ഹേമ ശേഖരന്‍ – 26, ആലപ്പുഴ – ചേര്‍ത്തല മുനിസിപ്പാലിറ്റി – റ്റി.ഡി. അമ്പലം വാര്‍ഡ് – സുരേഷ് കുമാര്‍. വി.എ – 38, ഇടുക്കി – തൊടുപുഴ മുനിസിപ്പാലിറ്റി – മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ് – മായ ദിനു – 429, പാലക്കാട് – മലമ്പുഴ ഗ്രാമ പഞ്ചായത്ത് – കടുക്കാക്കുന്നം ഈസ്റ്റ് – സൗമ്യ സതീഷ് – 55, കണ്ണൂര്‍ – ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് – കോളനി കിഴക്കേപാലയാട് – ദിവ്യ ചെല്ലാത്ത് – 56.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 7 ഉം എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. സ്വതന്ത്രനില്‍ നിന്നും ഒരു സീറ്റ് എല്‍.ഡി.എഫ് നേടി.
ചിറയക്കോട്, ഇടമണ്‍നില, മാര്‍ക്കറ്റ് വാര്‍ഡ്, നെല്ലിയ്‌ക്കമണ്‍, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാര്‍, മോര്‍കാട്, ഇരുമാപ്ര, കിടങ്ങൂര്‍, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്നും റ്റി.ഡി അമ്പലം വാര്‍ഡ് ബിജെപിയും എല്‍.ഡി.എഫ് സ്വതന്ത്രനില്‍ നിന്ന് വലവൂര്‍ ഈസ്റ്റ് സ്വതന്ത്രനും നേടി
എല്‍ഡിഎഫ് 24 യുഡിഎഫ് 15 ബിജെപി 4 സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില
















