ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ അടിയന്തിരമായി ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനം ഇറക്കിയത്. മുംബൈയില്‍ നിന്നും ന്യൂജഴ്‌സി നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്.
സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടണിന്റെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തി സുരക്ഷ ഒരുക്കിയിരുന്നു. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനം ഇറക്കിയശേഷമാണ് ടൈഫൂണ്‍ തിരികെ പോയന്നും ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്‌ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും അന്താരാഷട്ര ടെര്‍മിനലിലേയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീടിത് എയര്‍ ഇന്ത്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
അതേസമയം ലണ്ടനും കടന്ന് അയര്‍ലന്‍ഡിന് സമീപം എത്തിയ വിമാനം അവിടെ നിന്നും പെട്ടെന്ന് ലണ്ടനിലേക്ക് തിരിച്ചു വിടുകയായിരുന്നുവെന്നാണ് വിമാനത്തിന്റെ റഡാര്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മുന്‍കരുതലെന്ന നിലയില്‍ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല.
















