കൊല്ലം : സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ചാത്തന്നൂര്‍ എംഎല്‍എയുമായ ജി.എസ്. ജയലാല്‍ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയത് നേതൃത്വം അറിയാതെയെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ശക്തമാകുന്നു.
ജി. എസ്. ജയലാല്‍ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി ആശുപത്രിയുടെ വിലയായ അഞ്ച് കോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കിക്കഴിഞ്ഞു. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാല്‍ കത്ത് നല്‍കിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം ജില്ലയിലെ നേതാക്കള്‍ പോലും അറിയുന്നത്.
അതേസമയം സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാന്‍ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചതിനിടെയുള്ള ജയലാലിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സഹകരണ സംഘത്തിന്റെ മറവില്‍ ആശുപത്രി വാങ്ങുന്ന ജയലാലിന്റെ സാമ്പത്തിക സ്രേതസ്സ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്.
എന്നാല്‍ ആരോഗ്യ മേഖലയില്‍ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിഷയത്തില്‍ ജയലാല്‍ പ്രതികരിച്ചത്.
















