ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടി ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം. 1971 മുതല്‍ സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന ഭൂമിയില്‍ പതിറ്റാണ്ടുകള്‍ മുമ്പുതന്നെ കൈയേറ്റങ്ങള്‍ ആരംഭിച്ചിരുന്നു. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ് പാഞ്ചാലിമേട്.
പ്രവേശന കവാടം മുതല്‍ പാഞ്ചാലിമേട്ടിലെ ഓരോ മലയിലും കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുരിശുകള്‍ സ്ഥാപിക്കുന്നതിനായി മലകളിലുണ്ടായിരുന്ന പാറകളും കല്‍രൂപങ്ങളും തകര്‍ത്തു. പതിനാലാമത്തെ കുരിശിരിക്കുന്ന ഭാഗത്ത് പാണ്ഡവര്‍ വിശ്രമിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന, പാറ കൊണ്ട് നിര്‍മ്മിച്ചിരുന്ന ഇരിപ്പിടം ഉണ്ടായിരുന്നു. ഇത് കൂടത്തിന് തല്ലിപ്പൊട്ടിച്ച് മാറ്റിയ ശേഷമാണ് ഇരുമ്പ് കുരിശ് സ്ഥാപിച്ചത്. മണ്ണിനടിയില്‍ പോയ ഒരു ഇരിപ്പിടത്തിന്റെ ഭാഗങ്ങള്‍ (ചാരിന് ആറടിയോളം നീളം) ഡിറ്റിപിസി മാന്തിയെടുത്ത് സമീപത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് അടി വീതിയും അഞ്ചടി നീളവും വരെ ഇതിനുണ്ട്. ഇത്തരത്തിലുണ്ടായിരുന്ന എല്ലാ ചരിത്ര അവശേഷിപ്പുകളും നാശത്തിന്റെ വക്കിലാണ്. പാഞ്ചാലിക്കുളവും സംരക്ഷിക്കാതെ നശിക്കുകയാണ്.
കൈയേറ്റം മുമ്പും ഉണ്ടായിരുന്നെങ്കിലും ഇവരുടെ പരസ്പര സഹകരണത്തിലൂടെയായിരുന്നു ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സഞ്ചാരികളെത്തിയതോടെയാണ് ഇത് തര്‍ക്കമേഖലയായി മാറിയത്.
2016ല്‍ കണയങ്കവയല്‍ പള്ളിയധികൃതര്‍ സ്ഥാപിച്ച പ്രവേശന ബോര്‍ഡുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയില്‍ പോയെങ്കിലും കളക്ടറുടെ തീരുമാനത്തിനായി വിടുകയായിരുന്നു. ഇതില്‍ രണ്ടുപക്ഷത്തെയും പിണക്കാതെയുള്ള തീരുമാനമാണ് ഉണ്ടായത്.
ദേവസ്വം ബോര്‍ഡും നിലവില്‍ ഔദ്യോഗികമായി ഇവിടെ ഭൂമി കൈമാറിയിട്ടില്ല. ഡിറ്റിപിസിക്ക് രണ്ടരയേക്കര്‍ ഭൂമിയാണ് നല്‍കിയതെങ്കിലും 28 ഏക്കറോളമാണ് വളച്ചുകെട്ടി വെച്ചിരിക്കുന്നത്. ഇതും കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ്. ഔദ്യോഗിക കൈമാറ്റം നടന്നിട്ടില്ലെങ്കിലും കെട്ടിടം അടക്കം നിര്‍മ്മിച്ച് ശബരിമല പൂങ്കാവനത്തില്നിന്ന് പാസുവെച്ച് വലിയ വരുമാനം ഉണ്ടാക്കുകയാണ് ഡിറ്റിപിസി. പുറത്ത് നിന്നെത്തിയവരാണ് പ്രശ്നക്കാരെന്ന് ഡിറ്റിപിസി അധികൃതര്‍ പറയുമ്പോഴും ക്ഷേത്രത്തില്‍ പോകാന്‍പോലും ഇവരുടെ അനുവാദം തേടേണ്ട ഗതികേടിലാണ് ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: