ആരംഭണാധികരണം തുടരുന്നു.
സൂത്രം ഭാവേ ചോപലബ്ധേ:
കാരണമുണ്ടായിരിക്കുമ്പോഴും കാര്യത്തിന്റെ ഉപലാഭമുണ്ടാകുന്നതു കൊണ്ട് കാര്യം കാരണത്തില്‍ നിന്നന്യമല്ല.
കാര്യം കാരണത്തില്‍ ശക്തി രൂപേണ ലയിച്ചിരിക്കുമ്പോഴും സത്താസ്വരൂപമായി നിലനില്‍ക്കുന്നതിനാല്‍ ജഗത്ത് എല്ലായ്പോഴും ബ്രഹ്മത്തില്‍ നിന്ന് അഭേദമാണ് അഥവാ വേറിട്ടതല്ല.
കാര്യം കാരണത്തില്‍ നിന്ന് അന്യമല്ല എന്നതിന് മറ്റൊരു തെളിവിലൂടെ വ്യക്തമാക്കുകയാണ് ഇവിടെ.
കാര്യം കാരണത്തില്‍ ലയിക്കുമ്പോഴും അത് സൂക്ഷ്മ രൂപത്തില്‍ അവശേഷിക്കുന്നുണ്ട്. അപ്പോള്‍ കാര്യത്തെ കാരണത്തില്‍ നിന്ന് വേറിട്ട് പ്രകടമായി കാണാനാകില്ല.
ഇല്ലാത്ത ഒന്നിന് പിന്നീട് ഉണ്ടാകാന്‍ കഴിയില്ല.
മുയലിന്റെ കൊമ്പ്, ആകാശപുഷ്പം തുടങ്ങിയ പ്രയോഗങ്ങളുണ്ടെങ്കിലും അവ യഥാര്‍ത്ഥത്തിലില്ല. എന്നാല്‍ ജഗത്ത് അങ്ങനെയല്ല.
അത് ഇപ്പോള്‍ പ്രകടമായും ലയിക്കുമ്പോള്‍ അപ്രകടമായും നിലകൊള്ളുന്നു.
കാരണമനുസരിച്ചാണ് കാര്യമുണ്ടാകുന്നത്. നൂലില്‍ നിന്ന് മുണ്ടും മണ്ണില്‍ നിന്ന് മണ്‍പാത്രങ്ങളും സ്വര്‍ണത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും അതുമൂലമാണ് ഉണ്ടാകുന്നത്.
കാരണത്തില്‍ ലയിച്ചു കിടക്കുന്ന അവ്യക്തമായ കാര്യം പിന്നീട് വ്യക്തമാകുന്നു. ബ്രഹ്മത്തില്‍ അവ്യാകൃത രൂപത്തില്‍ ലയിച്ചിരിക്കുന്ന ജഗത് നാമരൂപങ്ങളാല്‍ വ്യാകൃതമായിത്തീരുന്നതാണ് സൃഷ്ടി. ഉപദാന കാരണവും നിമിത്ത കാരണവുമായ ബ്രഹ്മം തന്നെയാണ് കാര്യമായ ജഗത്തായി മാറുന്നത്.
ശക്തിരൂപത്തില്‍ ബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നതിനാലാണ് ജഗത്തിന് പിന്നീട് പ്രകടമാകാന്‍ കഴിയുന്നത്.
സൂത്രം സത്ത്വാച്ചാവരസ്യ
(സത്വാത് ച അവരസ്യ)
പിന്നീട് ഉണ്ടാകുന്ന ജഗത്തിന്റെ സത്തയുള്ളതിനാലും
കാര്യത്തിന്റെ സത്തയെക്കുറിച്ച് പറയുന്നതിനാല്‍ പ്രകടമാകാത്ത ഭാവത്തിലും ജഗത്തിന് നിലനില്‍പ്പുണ്ട്.
ഈ ജഗത്ത് പ്രകടമായിത്തീരുന്നതിന് മുമ്പും ഉള്ളതായി ശ്രുതിയില്‍ പറയുന്നതിനാല്‍ ജഗത്ത് ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല എന്ന് ഉറപ്പാകുന്നു.
ഛാന്ദോഗ്യ ഉപനിഷത്തിലെ ‘സദേവ സൗമ്യ ഇദമഗ്ര ആസീത് ‘സൃഷ്ടിക്കു മുമ്പ് പത്ത് മാത്രമാണ് ഉണ്ടായിരുന്നത് എന്നശ്രുതി വചനം ഇതിനെ ശരിവയ്ക്കുന്നതാണ്.
ബൃഹദാരണ്യക ത്തില്‍ ‘തദ്ധേദം തര്ഹ്യവ്യാകൃതമാസീത്’ അപ്പോള്‍ ഇത് പ്രകടമായിരുന്നുവെന്ന് പറയുന്നു. ഐതരേയോപനിഷത്തില്‍ ‘ആത്മാ വാ ഇദമേകമേവാഗ്ര ആസീത്’ ഇതെല്ലാം ആദിയില്‍ ഏകമായ ആത്മാവ് മാത്രമായിരുന്നു. സ്ഥൂലമായ ഈ ജഗത്ത് ഇപ്പോള്‍ കാണുന്ന രൂപത്തില്‍ പ്രകടമാകുന്നതിന് മുമ്പ് കാരണമായ ബ്രഹ്മത്തില്‍ ശക്തിസ്വരൂപമായി ലയിച്ചിരുന്നതായി അറിയണം. സൃഷ്ടി നടക്കുമ്പോള്‍ അത് പ്രകടമാകുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: