താനെ: മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മഹാരാഷ്‌ട്രയിലെ താനെയില്‍ മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ നീക്കം. മുത്തലാഖ് ചൊല്ലിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.താനെയുള്ള ഭിവണ്ടിയിലാണ് സംഭവം. സകീന എന്ന യുവതിയെയാണ് ആമിര്‍ മുക്താര്‍ എന്നയാള്‍ മുത്തലാഖ് ചൊല്ലിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആമിറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
2016 മെയ് 28നാണ് സകീനയും ആമിറും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് 15 ദിവസം വരെയും വളരെ സന്തുഷ്ടമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭര്‍തൃ മാതാവ് മാനസികമായി പീഡിപ്പിക്കുവാന്‍ തുടങ്ങിയെന്ന് സകീന പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ഒരു ജോലി ലഭിക്കുകയും കുടുംബത്തിന് സാമ്പത്തികമായി സഹായം നല്‍കാമെന്ന് ഞാന്‍ ഭര്‍തൃ മാതാവിനോട് പറഞ്ഞു. ഇതോടെ എല്ലാ കാര്യങ്ങളും പുര്‍വ്വസ്ഥിതിയിലായതായും യുവതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസവ ആവശ്യത്തിനായി തന്റെ വീട്ടില്‍ പോയതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറിയുകയായിരുന്നു. തിരികെ വീട്ടിലേയ്‌ക്ക് തന്നെ സ്വീകരിക്കാന്‍ ഭര്‍തൃ വീട്ടുകാര്‍ മുതിര്‍ന്നില്ലെന്നും സകീന മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും യുവതി ഭര്‍തൃ വിട്ടിലേയ്‌ക്ക് പോയെങ്കിലും ഉപദ്രവവും പീഡനവും തുടര്‍ന്നു. ഒപ്പം പരസ്പരം വേര്‍പിയാമെന്ന് ആമിര്‍ പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. ഇതോടെയാണ് സകീന ഭര്‍ത്താവിനെതിരെയും വീട്ടുകര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ തുടരന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. മുസ്ലിം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് നിയമം കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച് പറഞ്ഞു. പതിനേഴാമത് ലോക്സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബില്‍ കൂടിയാണിത്. ഒരുമിച്ച് മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെയും എഐഎംഐഎമ്മിന്റെയും എതിര്‍പ്പിനിടെ 74 നെതിരെ 186 വോട്ടുകളുടെ പിന്തുണയോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്.
















