ന്യൂദല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് നിയമം കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മുത്തലാഖിനെതിരെ സുപ്രീംകോടതി വിധിയുണ്ടായ ശേഷവും 224 മുത്തലാഖ് ഉണ്ടായി. മുത്തലാഖിനു വിധേയരായ സ്ത്രീകളോട് സുപ്രീംകോടതിയുടെ വിധിപ്രസ്താവം വീട്ടില്‍ തൂക്കാനാണോ നമ്മള്‍ പറയേണ്ടത്. അതോ അവര്‍ക്കു നീതി ലഭ്യമാക്കണോ രവിശങ്കര്‍ പ്രസാദ് ചോദിച്ചു. നിയമനിര്‍മാണത്തിനാണ് ജനം നമ്മളെ തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളുന്നില്ല. മുത്തലാഖിന്റെ ഇരകള്‍ക്ക് ഈ നിയമത്തിലൂടെ നീതി ലഭ്യമാക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പതിനേഴാമത് ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബില്‍ കൂടിയാണിത്. ഒരുമിച്ച് മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. കോണ്‍ഗ്രസ്, ഇടത് കക്ഷികളുടെയും എഐഎംഐഎമ്മിന്റെയും എതിര്‍പ്പിനിടെ 74 നെതിരെ 186 വോട്ടുകളുടെ പിന്തുണയോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്.
അതേസമയം, സര്‍ക്കാരിന്റെ നീക്കത്തില്‍ സംശയമുണ്ടെന്നും മുസ്ലീം സ്്ത്രീകള്‍ക്ക് ഉന്നമനമുണ്ടാക്കുന്നതല്ല ബില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച ശശി തരൂര്‍ എംപി വിശദീകരിച്ചു. മറ്റു മതങ്ങളിലെ പുരുഷന്മാരും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ട്. നടപടിക്രമങ്ങളില്‍ പ്രത്യേക പരിരക്ഷ ബില്ലില്‍ ഇല്ല. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടുകയാണ് വേണ്ടത്. പക്ഷഭേദം വ്യക്തമായി ഉറപ്പിക്കുന്ന ബില്ലാണിതെന്ന് തരൂര്‍ ആരോപിച്ചു.
കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാക്കാനായില്ല. 2018 ഓഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു ബില്‍ കൊണ്ടു വന്നത്. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷംവരെ തടവും പിഴയും. വാറന്റില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാം. സ്ത്രീയുടെ ഭാഗം കേട്ടശേഷം മാത്രം പ്രതിക്കു ജാമ്യം. സ്ത്രീക്കും ആശ്രിതരായ മക്കള്‍ക്കും ചെലവിനു നല്‍കാനും വ്യവസ്ഥ ചെയ്യുന്നതാണ് മുത്തലാഖ് ബില്‍.
















