ന്യൂദല്‍ഹി: ആദിവാസികളെ വെടിവെച്ച് കൊല്ലാന്‍ അനുവദിക്കുന്ന നിയമം മോദിസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന ആരോപണം രാഷ്‌ട്രീയ പ്രസംഗത്തിന്റെ ഒഴുക്കില്‍ പറഞ്ഞു പോയതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ദേശിയ പട്ടിക വര്‍ഗ്ഗ കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ആണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന് എതിരായ ആരോപണത്തില്‍ നിന്ന് മലക്കം മറിഞ്ഞത്.തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗം ആയി മധ്യപ്രദേശിലെ ഷഹ്ദോളില്‍ ഏപ്രില്‍ 23 ന് നടന്ന റാലിയില്‍ ആണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയിരുന്നത്.
‘ആദിവാസികളെ വെടിവെച്ച് കൊല്ലാന്‍ പോലീസിനെ അനുവദിക്കുന്ന പുതിയ നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആദിവാസികളെ അക്രമിക്കാമെന്നാണ് നിയമം പറയുന്നത്. അവര്‍ നിങ്ങളുടെ ഭൂമി തട്ടിയെടുത്തു. നിങ്ങളുടെ കാടും ജലവും അവരെടുത്തു. എന്നിട്ടവര്‍ പറയുകയാണ് ആദിവാസികളെ വെടിവെച്ച് കൊല്ലണമെന്ന്’ , രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറയുന്നു. പ്രസംഗം വിവാദമായതോടെ രാഹുല്‍ ഗാന്ധിക്കെതിരെ ദേശിയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ കേസെടുക്കുകയായിരുന്നു.
















