തിരുവനന്തപുരം: കൊച്ചിയിലെ പ്രധാനപ്പെട്ട ഷോപ്പിങ് മാളുകള്‍ ഐഎസ് ലക്ഷ്യം വച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മട്ടാഞ്ചേരി ജൂതപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഐഎസ് ആക്രമണത്തിനു പദ്ധതി ഇടുന്നതായി ഇന്റലിജെന്‍സ് നേരത്തെ സംസ്ഥാനത്തെ അറിയിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് മാളുകളേയും ലക്ഷ്യം വെയ്‌ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇക്കാര്യം വിശദീകരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് മേധാവികള്‍ക്ക് കൈമാറി. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ഐസിസ് ഭീകരര്‍ക്ക് ഇറാഖ്, സിറിയ, തുടങ്ങിയ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ണുവച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതാത് രാജ്യങ്ങളില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നിട്ടുള്ളവരെ തിരികെ എത്തിച്ച് ആക്രമണം നടത്താനാണ് പദ്ധതി. കേരളത്തില്‍ നിന്ന് ഐഎസില്‍ പോയവര്‍ തിരികെ എത്തുന്നതിനുള്ള ശ്രമം നടത്തുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്.
ഐസിസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് പോലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേരളത്തെ കൂടാതെ കാശ്മീര്‍, തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലാണ് ഐസിസ് സാന്നിദ്ധ്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ സന്ദേശങ്ങള്‍ ടെലഗ്രാം വഴിയാണ് കൈമാറുന്നതെന്നാണ് വിവരം. ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് സുരക്ഷ വര്‍ദ്ധിച്ചു. പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പ്രത്യേക പട്രോളിംഗ് സംഘത്തെ ചുമതലപ്പെടുത്തിയുമാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണ സാധ്യതയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് പലയിടങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
















