ഗുജറാത്ത്: 1990 നടന്ന കസ്റ്റഡി മരണത്തില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് അടക്കം രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് മരിച്ചയാളുടെ കുടുംബം വ്യക്തമാക്കി.
30 വര്‍ഷം മുമ്പ് കസ്റ്റഡി മരണം നടക്കുമ്പോള്‍ ജാംനഗര്‍ എഎസ്പിയായിരുന്നു സഞ്ജീവ് ഭട്ട്. നഗരത്തില്‍ നടന്ന സംഘര്‍ഷത്തില്‍ 150 പേരെ സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയെല്ലാം ഭട്ടിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പ്രഭുദാസ് വൈഷ്‌നനി എന്നയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചിരുന്നു. സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കാണിച്ച് ബന്ധുക്കള്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രഭുദാസിന്റെ വൃക്ക മര്‍ദ്ദനത്തില്‍ തകര്‍ന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശ പ്രകാരം സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ കേസ് എടുത്തത്.
കേസില്‍ പുതിയ 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. പുതിയ സാക്ഷികളെ വിസ്തരിച്ചാല്‍ തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. 2011ലണ് അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
















