കാക്കനാട്: വ്യക്തികള്‍ കൈയടക്കി വച്ചിരുന്ന കോടികള്‍ വിലവരുന്ന പുറമ്പോക്ക് ഭൂമി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കളക്ടറേറ്റിനു തൊട്ടടുത്ത37.211 സെന്റ് സ്ഥലമാണ് നീണ്ട നിയമ നടപടികള്‍ക്കു ശേഷം ഏറ്റെടുത്തത്.
കാക്കനാട് വില്ലേജില്‍ സര്‍വേ 335/1 ല്‍ പാലാരിവട്ടം ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ സെന്റിന് 25 ലക്ഷത്തോളം രൂപ വിലയുള്ള സ്ഥലമാണിത്. ഭൂമിയുടെ അവകാശികളെന്നു പറയപ്പെടുന്ന വടാച്ചിറയില്‍ ചെല്ലപ്പന്‍, ഷിജു, ശാന്ത ബാലകൃഷ്ണന്‍, പവിത്രന്‍, വള്ളി, ബിജു, ജയശ്രീ എന്നീ ഏഴു പേര്‍ക്ക് നോട്ടീസ് അയച്ചും ഹിയറിങ് നടത്തിയുമാണ് ഭൂമി ഏറ്റെടുത്തതെന്നു കളക്ടര്‍ മുഹമ്മദ് സഫിറുള്ള പറഞ്ഞു. 2018ലാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിച്ചത്.
ഭൂമി ഏറ്റെടുക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് കണയന്നൂര്‍ താലൂക്ക് തഹസില്‍ദാരില്‍ നിന്നു കാക്കനാട് വില്ലേജ് ഓഫീസറായ എം.കെ. സജേഷിനു ലഭിച്ചതോടെയാണ് നിയമ നടപടികള്‍ ദ്രുതഗതിയിലാക്കിയത്.
എഡിഎം: കെ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലമേറ്റെടുക്കുന്നതിനു നേതൃത്വം നല്‍കി.
രാവിലെ സ്ഥമെടുപ്പിനു മുന്നോടിയായി വില്ലേജ് ഓഫീസര്‍ എത്തിയതറിഞ്ഞു ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ രാഷ്‌ട്രീയ സ്വാധീനം ചെലുത്തി നടപടികളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
















