മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റിന് ചരക്ക് കൈകാര്യത്തില്‍ സര്‍വ്വകാല റെക്കാര്‍ഡ്. 2018-19 സാമ്പത്തിക വര്‍ഷം 32.02 ദശലക്ഷം ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. മുന്‍വര്‍ഷമിത് 29.14 ദശലക്ഷമായിരുന്നു. പ്രവര്‍ത്തന വരുമാന നേട്ടം 210.87 കോടി രൂപയായി, മുന്‍വര്‍ഷം 168 കോടിയായിരുന്നു.
വാര്‍ഷിക ലാഭത്തില്‍ കൊച്ചി തുറമുഖ ട്രസ്റ്റ്ര രണ്ടാംവര്‍ഷവും നേട്ടത്തിലായി. 17-18 വര്‍ഷം 13.55 കോടി പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് 18-19 വര്‍ഷമിത് 19.02 കോടിയായി. ദശാബ്ദങ്ങള്‍ക്ക് ശേഷം 17-18 വര്‍ഷം 4.44 കോടി രൂപ അറ്റാദായം നേടിയ കൊച്ചി തുറമുഖം 18-19 ല്‍ 9 കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. മാറിയ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ നയസമീപനമാണ് കൊച്ചി തുറമുഖ ട്രസ്റ്റിന് കുതിപ്പേകാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
കബോട്ടാഷ് നിയമത്തിലെ ഇളവ് കൊച്ചിക്ക് ഏറെ നേട്ടമായി. ഇളവനുവദിച്ച 17-18 വര്‍ഷം ഗുജറാത്തില്‍ നിന്ന് 1100 കണ്ടെയ്‌നര്‍ ചരക്കാണ് കൊച്ചിയിലെത്തിയ്. 18-19വര്‍ഷമിത് 10720 കണ്ടെയ്‌നറായി വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള എഫ്‌സിഐയുടെ അരി ഇറക്കുമതി 7,472 ടണ്ണില്‍ നിന്ന് 46,852 ടണ്ണായി വര്‍ധിച്ചു. പോയ വര്‍ഷം ഒരു സിമന്റ് യൂണിറ്റ് കൂടി തുറമുഖത്തെത്തി. കൂടാതെ പ്രാദേശിക ചെറുതുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് കണ്ടെയ്‌നര്‍ നീക്കവും ഗുണകരമായി. ക്രൂയീസ് കപ്പല്‍ വരവിലും വര്‍ധനവുണ്ടായി. എല്‍എന്‍ജി-ഐഓസി പദ്ധതികളും കപ്പല്‍ശാലയുടെ യാര്‍ഡും കൊച്ചിക്ക് കുതിപ്പേകാന്‍ ഇടയാക്കുകയാണ്.
മോദി സര്‍ക്കാര്‍ അധികാരമേറ്റ 2013-14 വര്‍ഷം 458.58 കോടി വരുമാനവും 566- 47 കോടി ചെലവുമായി 107.89 കോടി നഷ്ടത്തിലായിരുന്നു കൊച്ചി തുറമുഖ ട്രസ്റ്റ്. 2015-16 ല്‍ 510 കോടി വരുമാനവും 550കോടി ചെലവുമായി നഷ്ടം 40 കോടിയായി കുറഞ്ഞു. 2017-18 വര്‍ഷമിത് 577,94 കോടി വരുമാന വര്‍ധനവും ചെലവ് 564.4 കോടി രൂപയായി കുറഞ്ഞു. 13,54 കോടി രൂപ ലാഭത്തിലുമായി.
















