കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ ഖരമാലിന്യപ്ലാന്റില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയുമായി ധാരണാപത്രം. വൈദ്യുതിമന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ കരാറുകാരായ ജിജെ എക്കോപവര്‍ പ്രൈവറ്റ് ലിമിറ്റഡുമായാണ് കെഎസ്ഇബി ലിമിറ്റഡ് കരാറില്‍ തിരുവനന്തപുരത്ത് ഒപ്പിട്ടത്.
ഖരമാലിന്യപദ്ധതികളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്ന ആദ്യ കരാറും സംസ്ഥാനത്തെ ആദ്യ പദ്ധതിയുമാണിത്. ഇരുപത് വര്‍ഷത്തേക്ക് യൂണിറ്റൊന്നിനു 6.17 രൂപ നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുക. വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ വാങ്ങുന്ന വൈദ്യുതിയുടെ വിലയേക്കാള്‍ നിരക്ക് കൂടുതലാണെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരില്ല.
കൊച്ചി കോര്‍പ്പറേഷന്‍ പ്രതിദിനം നല്‍കുന്ന 300 മെട്രിക് ടണ്‍ ഖരമാലിന്യത്തില്‍നിന്ന് പ്രതിവര്‍ഷം 47 ദശക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. നിര്‍മാണം തുടങ്ങി 18 മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് സഹായകമാകുന്ന ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും അവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ വാങ്ങാനും കെഎസ്ഇബി തീരുമാനിച്ചു. ഊര്‍ജവകുപ്പ് സെക്രട്ടറി ഡോ.ബി. അശോക്, കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവരും സംബന്ധിച്ചു.
















