പള്ളുരുത്തി: ട്രോളിങ് നിരോധന കാലം കനിയുമെന്ന പരമ്പരാഗത മത്സ്യബന്ധന വള്ളത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി കടലില്‍ മത്സ്യക്ഷാമം രൂക്ഷം. ജൂണ്‍ ഒമ്പതിന് ആരംഭിച്ച ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയിലായിരുന്നു. ട്രോള്‍ ബോട്ടുകളുടെ പ്രവര്‍ത്തനം ഇല്ലാത്ത 52 ദിനങ്ങള്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് 20 നോട്ടിക്കല്‍ മൈല്‍ ദൂരത്തിനകത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുവാദമുണ്ട്.
പരമ്പരാഗത വള്ളങ്ങള്‍ക്ക് ചെറുകണ്ണി വലകള്‍ഉപയോഗിക്കുന്നതിന് കടലില്‍ നിരോധനമുണ്ട്. ചെറുമത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചിട്ടുമുണ്ട്. ചെറുതും വലുതുമായ 300 ഓളം വള്ളങ്ങളാണ് കൊച്ചിയുടെ വിവിധ തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി ഇറങ്ങുന്നത്.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറുവള്ളങ്ങളില്‍ മത്സ്യം പിടിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യക്ഷാമം കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, മട്ടാഞ്ചേരി, ചെല്ലാനം, മുനമ്പം തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഇന്‍ബോര്‍ഡ് വള്ളങ്ങളും, ചെറുവള്ളങ്ങളും മത്സ്യബന്ധനത്തിനായി ഇറങ്ങുന്നത്.
നിരോധന കാലയളവില്‍ വള്ളങ്ങള്‍ക്ക് ചാള, അയല, വേളൂരി, നത്തോലി, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ സുലഭമായിലഭിച്ചിരുന്നുവെങ്കിലും ഈ സീസണില്‍ കടലില്‍ മത്സ്യങ്ങളേ ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മാറി വരുന്ന കാലാവസ്ഥയും കടലിന് അടിത്തട്ടിലെ മാലിന്യ വര്‍ദ്ധനവും മത്സ്യപ്രജനനത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു. പരമ്പരാഗത രംഗത്ത് തിരിച്ചടി നേരിടുന്ന തൊഴിലാളികള്‍ക്ക് സഹായകമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ അടിയന്തര യോഗം വിളിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രന്‍ ആവശ്യപ്പെട്ടു.
















