ആലുവ: നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പേ ആന്‍ഡ് പാര്‍ക്ക് ഉടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭ ആരോഗ്യവകുപ്പ് നടപടിയാരംഭിച്ചത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലുമാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും നഗരസഭ നികുതി പിരിക്കുന്നില്ലെന്നും നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പേ ആന്‍ഡ് പാര്‍ക്ക് കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷവും നഗരസഭ ലൈസന്‍സ് എടുത്തിട്ടില്ലെന്നുമായിരുന്നു ആരോപണം. അനധികൃത പേ ആന്‍ഡ് പാര്‍ക്കുകള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതി ആരോഗ്യവിഭാഗം മുക്കിയിരുന്നു. ഇതോടെ നഗരസഭ പ്രതിപക്ഷവും വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഭരണപക്ഷം നടപടിയിലേക്ക്
തിരിഞ്ഞത്. പേ ആന്‍ഡ് പാര്‍ക്ക് ആരംഭിക്കണമെങ്കില്‍ നഗരസഭയുടെ നിയമപരമായ അനുമതി വേണമെന്ന് മുനിസിപ്പല്‍ ആക്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി ചില കൗണ്‍സിലര്‍മാര്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാണ് നടപടിക്ക് പ്രേരിപ്പിച്ചത്.
യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വാഹന ഉടമകളില്‍ നിന്നും വാടക ഈടാക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലം അനുവദിക്കുമെന്നല്ലാതെ വെയിലും മഴയുമേറ്റ് ചെളിവെള്ളത്തില്‍ കിടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പുറമ്പോക്ക് ഭൂമി വളച്ചുകെട്ടി പാര്‍ക്കിംഗ് കേന്ദ്രമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
















