കൊച്ചി: കൊല്‍ക്കത്തയില്‍ ആള്‍ക്കൂട്ടം ഡോക്ടര്‍മാരെ അക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സുരക്ഷിതരായി ജോലി ചെയ്യുന്നതിനുള്ള രാജ്യവ്യാപകമായ നിയമം നിര്‍മാണം നടത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി നടത്തിയ ഔടട്ട് പേഷ്യന്റ് വിഭാഗ ബഹിഷ്‌കരണം ജില്ലയില്‍ പൂര്‍ണം.
ഐഎംഎയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ സംസ്ഥാനത്തെ എല്ലാ ഡന്റല്‍ ക്ലിനിക്കുകളും അടച്ചിട്ടു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, ഐഎംഎ മെഡിക്കല്‍ സ്റ്റുഡന്റ്സ് നെറ്റ്‌വര്‍ക്ക് എന്നീ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
എറണാകുളം വഞ്ചി സ്‌ക്വയറില്‍ ഐഎംഎ ജില്ലാ കമ്മറ്റി ചെയര്‍മാന്‍ ഡോ. ശ്രീകുമാര്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ ധര്‍ണ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു.
ഐഎംഎ ജില്ലാ കമ്മറ്റി കോര്‍ഡിനേറ്റര്‍ ഡോ. ബി. ശബരീഷ്, ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റമാരായ ഡോ. എം.എന്‍. വെങ്കിടേശ്വരന്‍, ഡോ. എ.വി. ബാബു, കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ഐഡിഎ ജില്ലാ പ്രസിഡന്റ് ഡോ. ബിന്ദു റേച്ചല്‍ തോമസ്, സെക്രട്ടറി ഡോ. സിബി.ടി.ചേന്നന്‍കര, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. എസ്.കെ. രാജേശ്വരിയമ്മ, കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. കെ.എച്ച്. ദീപ, ഐഎംഎ മുന്‍ ജില്ലാ സെക്രട്ടറി ഡോ. ജോസഫ് മനോജ്, അമൃത മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഭരത് ശിവന്‍, കളമശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി അനീസ് വി.പി, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. എം.ഐ. ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഹനീഷ് മീരാസ എന്നിവര്‍ പ്രസംഗിച്ചു.
കളമശേരി, അമൃത, ശ്രീ നാരായണ എന്നീ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നഗരം ചുറ്റി പ്രതിഷേധ ജാഥയും നടത്തി.
















