പള്ളുരുത്തി: ചെല്ലാനം തീരവാസികളുടെ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ കടലായി. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുക, കടല്‍ത്തിരയെ ചെറുക്കാന്‍ അടിയന്തര പരിഗണനയില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പശ്ചിമകൊച്ചി തീരത്ത് നടത്തിയ തീരവാസികളുടെ പ്രതിഷേധ പ്രകടനം അഭിമാന പോരാട്ടമായി മാറി.
രാവിലെ എട്ടിന് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ഉപരോധം ആരംഭിച്ചു. എട്ടരയോടെ ബസ്സാര്‍ ഭാഗത്തു നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തുതടഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ ജനസഞ്ചയമാണ് തീരദേശ റോഡില്‍ നിലയുറപ്പിച്ചത്. ഇതോടെ തീരദേശപാത വഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഒരു വിഭാഗം സ്ത്രീകള്‍ പോലീസിന്റെ കണ്ണുവെട്ടിച്ചെത്തി പഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടി.
പ്രതിഷേധ സമരം പ്രഖ്യാപിച്ച സമയത്തുതന്നെ പഞ്ചായത്ത് ഓഫീസ് താഴിടുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. ഇതു തടയാന്‍ പോലീസ് സംഘത്തേയും വിശ്വസിച്ചിരുന്നു.
കടലാക്രമണത്തില്‍ ചെല്ലാനം പ്രദേശം നേരിടുന്ന പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാതെ പ്രദേശത്തെ മനഃപൂര്‍വ്വം അവഗണിക്കുകയാണെന്നാണ് സമരക്കാര്‍ ആരോപിച്ചു. സമരം ആരംഭിച്ച ഘട്ടത്തില്‍ തന്നെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ തിരിച്ചു പോയി. ഫാ.ജോണ്‍ കണ്ടത്തിപ്പറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.
ടി.എ. ഡാല്‍ഫിന്‍, ജെര്‍വിന്‍ ജോസഫ്, ഫാ.മൈക്കിള്‍ പുന്നക്കല്‍, ഫാ. അലക്‌സ് കൊച്ചിക്കാരന്‍, ആനി ജോസഫ്, ബാബു പള്ളിപ്പറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് പ്രതിഷേധം അവസാനിച്ചത്.
















