മട്ടാഞ്ചേരി: നഗരത്തിലെ നാല് റോഡുകളെ മാതൃകാ മാലിന്യ മുക്ത റോഡുകളാക്കണമെന്ന് കൊച്ചി കോര്‍പ്പറേഷനധികൃതരോട് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ കെ.ബി ജേക്കബ്‌റോഡ്, തോപ്പുംപടിയിലെ ബിഒടിപാലം റോഡ്, തുറമുഖ നഗരിയിലെ അലക്‌സാണ്ടര്‍ പറമ്പിത്തറ റോഡ്, എറണാകുളം സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സീറോ വേസ്റ്റ് മാലിന്യ മുക്ത റോഡുകളാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സ്വഛ്ഭാരത് പദ്ധതിയുടെ പ്രചരണത്തിനൊപ്പം, ശുചിത്വ ബോധവത്ക്കരണവും ലക്ഷ്യമിട്ടാണ് നീക്കം. വീട്ടുമാലിന്യങ്ങള്‍,അറവുശാല മാലിന്യം, പ്ലാസ്റ്റിക് കുമ്പാരങ്ങള്‍, നിര്‍മ്മാണ മേഖലകളിലെയും, കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍, മരകഷ്ണങ്ങള്‍ തുടങ്ങിയവ റോഡിലും റോഡുവശങ്ങളിലുമായി തള്ളിയിടുന്നത് വ്യാപകമാകുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ളവയടക്കമുള്ള വന്‍മാലിന്യ ശേഖരമാണ് പ്രധാന പാതകളിലായി നിക്ഷേപിക്കുന്നത്.
ഇതിനെതിരെ നടപടികള്‍ അനിവാര്യമായ ഘട്ടത്തിലാണ് നാല് റോഡുകളെ മാതൃക മാലിന്യ മുക്ത റോഡുകളാക്കാന്‍ ദേശീയ ഗ്രീന്‍ ട്രീബ്യുലൂണലിന്റെ നീക്കം. പദ്ധതി ഫലവത്താകാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, നീരീക്ഷണസംഘങ്ങളെ നിയമിക്കുക, മാലിന്യ നിക്ഷേപകരെ കണ്ടെത്തി പിഴചുമത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുക, ജനകീയ സംഘടനകളെ കോര്‍ത്തിണക്കി ബോധവത്ക്കരണം വ്യാപകമാക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
ഘട്ടം ഘട്ടമായി നഗരത്തിലെ ഇതരറോഡുകളും മാലിന്യമുക്ത റോഡുകളാക്കി മാറ്റണമെന്നും കോര്‍പ്പറേഷനധികൃതരോട് ദേശീയ ഹരിത ട്രീബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
















