ന വിലക്ഷണത്വാധികരണം
മൂന്നാമത്തെ അധികരണമായ ഇതില്‍ 8 സൂത്രങ്ങളുണ്ട്. ന്യായദര്ശനമനുസരിച്ചുള്ള വാദങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഈ സൂത്രങ്ങളിലൂടെ.
സൂത്രം ന വിലക്ഷണത്വാദസ്യ തഥാത്വം ച ശബ്ദാത്
വ്യത്യസ്തങ്ങളായ ലക്ഷണങ്ങളുള്ളതിനാല്‍ ബ്രഹ്മം ജഗത്തിന് കാരണമല്ല. ശ്രുതി വചനം കൊണ്ടും അപ്രകാരമുള്ള നില ഇതിനുണ്ടാകുന്നു.
ബ്രഹ്മം ജഗത്തിന്റെ നിമിത്ത കാരണവും ഉപദാന കാരണവുമായി പറഞ്ഞത് ശരിയല്ല
ബ്രഹ്മത്തിന്റെയും ജഗത്തിന്റെയും ലക്ഷണങ്ങള്‍ വേറെയായതിനാല്‍ ശ്രുതി വചനം കൊണ്ടും ജഗത്തിന്റെ ഉപാദാന കാരണം ബ്രഹ്മമല്ല.
വിലക്ഷണം കൊണ്ട് ചേതന ബ്രഹ്മം ജഗത്തിന് കാരണമാകാന്‍ സാധ്യമല്ല. ബ്രഹ്മത്തിന്റെ ചേതനത്വവും ജഗത്തിന്റെ ജഡത്വവും ശ്രുതിവാക്യത്താല് ഉറപ്പാക്കാവുന്നതാണ്.
ശ്രുതികളില്‍ സത്യജ്ഞാനാദി ലക്ഷണങ്ങളെ കൊണ്ടാണ് ചേതനബ്രഹ്മത്തെ പറഞ്ഞിരിക്കുന്നത്.ജഗത്ത് ജ്ഞാനമില്ലാത്തതും ജഡവുമാണ്. അതിനാല്‍ ശ്രുതി തന്നെ ജഗത്തിനെ പരമാത്മാവില്‍ നിന്ന് വേറെയായി കാണുന്നു. കാര്യത്തിന് കാരണത്തില്‍ നിന്നും വേറിട്ടതാകാനാവില്ല. അതിനാല്‍ ചേതന ബ്രഹ്മം ജഡപ്രപഞ്ചത്തിന് കാരണമെന്ന് പറയുന്നത് ശരിയല്ല.
ന്യായ ശാസ്ത്രമനുസരിച്ചുള്ള വാദങ്ങള്‍ക്കാണ് ഇവിടെ സമാധാനം പറയുന്നത്.
‘കാരണ ഗുണാ: കാര്യേ സംക്രാമന്തി ‘ എന്ന നിയമമനുസരിച്ച് കാരണത്തിലുള്ള ഗുണങ്ങള്‍ കാര്യത്തിലും കാണണം. ബ്രഹ്മത്തിനും ജഗത്തിനും വേറെ വേറെ ഗുണങ്ങളാണുള്ളത്. ഇതിനെപ്പറ്റി മനനം ചെയ്യുന്നത് ശ്രുതിയ്ക്കനുസരിച്ചാകണം.
ബ്രഹ്മം ചേതനമെന്നും ജഗത്ത് അചേതനമെന്നും ബ്രഹ്മം ശുദ്ധമെന്നും ജഗത്ത് അശുദ്ധമെന്നും ഇവിടെ പറയുന്നു. കാരണത്തിന്റെ ഗുണങ്ങള്‍ തന്നെ കാര്യത്തിലും കാണും എന്ന് പറയുമ്പോള്‍ എങ്ങനെ ബ്രഹ്മം ജഗത്തിന് കാരണമാകും. അചേതനവും അശുദ്ധവുമായ പ്രധാനമാണ് ജഗത് കാരണമെന്ന് പറയുന്നതല്ലേ ശരി. സുഖം, ദു:ഖം, ഭ്രമം, സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയുള്ള ജഗത്ത് അതൊന്നും ഇല്ലാത്ത ബ്രഹ്മത്തിന്റെ കാര്യമെന്ന് പറയുന്നത് പ്രത്യക്ഷ വിരുദ്ധവും യുക്തിയ്ക്ക് ചേര്‍ന്നതുമല്ല എന്നാണ് ഇവിടത്തെ വാദം.
ജഗത്തിലുള്ളതെല്ലാം സചേതനമാണ്. ചിലവയില്‍ ചേതനത്വം പ്രകടമാണ.് എന്നാല്‍ മറ്റു ചിലതില്‍ പ്രകടമായി കാണാനാവില്ല എന്ന് പറയാം. മനുഷ്യന് ചേതനയുള്ളവനാണെങ്കിലും ഉറക്കത്തിലും മോഹാലസ്യത്തിലും അചേതന ധര്മ്മങ്ങളല്ലേ കാണുന്നത് എന്ന് പറയുന്നതും ശരിയല്ല. അവിടെ ഗുണവൈഷമ്യം കൊണ്ട് ചേതനത്വം സ്പഷ്ടമാകുന്നില്ല എന്ന് പറയുന്നതും അനുഭവവിരുദ്ധമാണ്.
ശ്രുതിയില്‍ നിന്ന് തന്നെ പ്രപഞ്ചത്തിന്റെ ബ്രഹ്മവിലക്ഷണത ധരിക്കണം. ഉപാദന വിലക്ഷണതെയെയാണ് ഇവിടെ വ്യത്യസ്തമായത് എന്ന് അറിയണം. ശ്രുതി ചേതനമായ ബ്രഹ്മത്തില്‍ നിന്ന് ജഡമായ ജഗത്ത് വേറെയെന്ന് പ്രഖ്യാപിക്കുന്നു.
അതുപോലെ അചേതനങ്ങളെ ചേതനങ്ങളെ പോലെ പറയാറുണ്ട്.
അചേതനങ്ങളായ വസ്തുക്കള്‍ പറഞ്ഞു എന്ന് ശതപഥബ്രാഹ്മണത്തില്‍ ‘ മൃദബ്രവീത് ‘ മണ്ണ് പറഞ്ഞു ‘ആപോ/ബ്രുവന് ‘ വെള്ളം പറഞ്ഞു എന്നിങ്ങനെയുള്ള വാക്യങ്ങളുണ്ട്;
ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്തേജഐക്ഷത, താ ആപ ഐക്ഷന്ത ‘ എന്ന് തേജസ്സ് ജലം എന്നിവയ്ക്ക് ഈക്ഷണമെന്ന ക്രിയാ കര്‍തൃത്വം ആരോപിക്കാറുണ്ട്. ബൃഹദാരണ്യകത്തില്‍ ഇന്ദ്രിയങ്ങളെപ്പറ്റി ‘തേ ഹേമാപ്രാണാ അഹം ശ്രേയസേ വിവദമാനാ ബ്രഹ്മ പ്രാപു: ‘ എന്ന് പറയുന്നു.
ചേതനത്വം അചേതനങ്ങളാണെന്ന് കരുതുന്നവയ്ക്കും പറയുന്നുണ്ട് എന്നാണ് വാദമെങ്കില്‍ അടുത്ത സൂത്രം അതിന് മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: