കേരളത്തിലെ പോലീസ് ഏറ്റവും മികച്ചതെന്ന ഖ്യാതിയാണുള്ളത്. സ്കോട്ട്ലന്റ്യാര്ഡ് പോലീസിനെ വെല്ലുന്ന മികവ് കേരളാപോലീസിനുണ്ടെന്ന് പലപ്പോഴും പുകഴ്ത്താറുണ്ട്. അതില്‍ അതിശയോക്തിയൊന്നുമില്ല. കുറ്റാന്വേഷണങ്ങള്‍ നടത്താന്‍ സ്വതന്ത്ര ചുമതല ലഭിച്ചാല്‍ കഴിവ് തെളിയിച്ച എത്രയോ സംഭവങ്ങളുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി സമൂഹത്തിലെന്നപോലെ പോലീസിലും കുറ്റവാസന പ്രകടമാക്കുകയാണ്. കൊലപാതകത്തിലടക്കം പ്രതിക്കൂട്ടില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. മേലധികാരികള്‍ കീഴേതലത്തിലുള്ള പോലീസുകാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും പെരുകുകയാണ്. അതിന്റെ ഭാഗമാണല്ലൊ അടിത്തിടെ കൊച്ചിയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോലിയും കുടുംബവുമൊന്നും നോക്കാതെ നാടുവിട്ടത്. നാടുവിടാനുള്ള കാരണം പിന്നീട് പറയാമെന്ന് ഉറപ്പുനല്‍കിയ നവാസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ കുടുംബത്തില്‍ തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പുലഭ്യംകേട്ട് മടുത്ത ഒരു പോലീസുകാരന് കണ്ണൂരില്‍ രാജിവയ്ക്കുകയും ചെയ്തു.
അതിനെക്കാള്‍ ഭയാനകമാണ് ശനിയാഴ്ച ഒരു പോലീസുകാരന് ഒരു പോലീസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍നിന്നും സ്കൂട്ടറില്‍ പോകവെ പിന്നാലെ കാറില്‍വന്ന പോലീസുകാരന് സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തുക മാത്രമല്ല വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കേരളത്തെ ആകെ നടുക്കിയ സംഭവത്തിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭാഷ്യം. മൂന്നു പിഞ്ചു മക്കളുടെ അമ്മയ്ക്കാണ് ദാരുണാന്ത്യം എന്നോര്‍ക്കണം. ഇത് സ്നേഹമോ പ്രണയമോ എന്ന് കാണാനാവില്ല. വെറും കാമവെറിയാണ് കലിയായി വളര്‍ന്നതെന്ന് വ്യക്തം. വധിക്കപ്പെട്ടത് സൗമ്യയെന്ന പോലീസുകാരിയും. പ്രതി അജാസുമാണ്. അജാസ് സൗമ്യയെ മുന്‍പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. എല്ലാ വിവരങ്ങളും വള്ളികുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. എന്നിട്ടും സ്റ്റേഷനില്‍നിന്ന് സംരക്ഷണം ലഭിച്ചില്ല.
ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുമ്പോഴും രാജ്യത്തെവിടെയും നടക്കുന്നതിനെക്കാള്‍ നടുക്കുന്ന കൊലകള്‍ കേരളത്തിലും ഉണ്ടാകുന്നു. ദുരഭിമാനകൊല കെവിന് ഉണ്ടായത് കോട്ടയത്താണ്. നാലു മാസത്തിനിടെ വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് മൂന്ന് സ്ത്രീകളെയാണ്. മാര്‍ച്ച് 13ന് തിരുവല്ലയിലും ഏപ്രില്‍ 4ന് തൃശൂരിലും വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് നഴ്സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും, കോട്ടയം മീനടത്തു യുവതിയെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ചതും, കൊച്ചിയില്‍ യുവതിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചതും കഴിഞ്ഞ നാല് മാസത്തിനിടെയാണ്. അക്രമികളില്‍നിന്നും ഇരയെ സംരക്ഷിക്കേണ്ട പോലീസുകാര്‍ ക്രൂരത കാട്ടുമ്പോള്‍ അതിന്റെ ഗൗരവം വലുതാണ്.
പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ നിരവധിയുണ്ട് കേരളത്തില്‍. ജീവന് നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും. ജീവന് നഷ്ടപ്പെട്ടവരുടെ ഉറ്റവര്‍ അനാഥരായി പോയിട്ടുമുണ്ട്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് തന്നെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്. പ്രണയത്തിന്റെ പേരിലാണ് എല്ലാം. കേരളത്തില്‍ ഇതിന്റെ എണ്ണം വര്‍ധിക്കുന്നു. പൊതുയിടങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളെ ഇല്ലാതാക്കുന്ന പൈശാചികന്മാരാണ് നമുക്ക് ചുറ്റിലുമുള്ളത്. പെണ്‍കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഒരു കേന്ദ്രഭരണമുള്ളപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഇത്തരം ക്രൂരത അവസാനിപ്പിച്ചേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: