പത്രങ്ങളില്‍നിന്ന്: ”കഴിഞ്ഞ നാലുദിവസമായി തുടരുന്ന കാലവര്‍ഷം തുടരുകയാണ്.”
”നാലു ദിവസമായി കാലവര്‍ഷം തുടരുകയാണ്” എന്നു മതി. ‘തുടര്‍ച്ച’യുടെ ആവര്‍ത്തനവും ‘കഴിഞ്ഞ’യും വേണ്ട.
”അനുജയ്ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യസമാഹരത്തിനും മലയത്ത് അപ്പുണ്ണിക്ക് സമഗ്രമസംഭാവന പരിഗണിച്ചുമാണ് അവാര്‍ഡ്”
”അനുജയ്ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യസമാഹാരത്തിനും മലയത്ത് അപ്പുണ്ണിക്ക് സമഗ്ര സംഭാവനയ്ക്കുമാണ് അവാര്‍ഡ്” (ശരി)
”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമവും വ്യാപാര മന്ദിര ഉദ്ഘാടനവും സമിതി ജില്ലാ സെക്രട്ടറി നിര്‍വഹിച്ചു”
”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമവും വ്യാപാരമന്ദിരവും സമിതി ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു” (ശരി).
”കേരള സംസ്ഥാന വ്യാപാരി-വ്യാവസായ സമിതിയുടെ കുടുംബസംഗമത്തിന്റെയും വ്യാപാരമന്ദിരത്തിന്റെയും ഉദ്ഘാടനം സമിതി ജില്ലാ സെക്രട്ടറി നിര്‍വഹിച്ചു” (ശരി)
”യോഗത്തിലെ ചര്‍ച്ചാവിഷയം ‘ആവിഷ്കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതിനെക്കുറിച്ചാണ്” (തെറ്റ്)
”യോഗത്തിലെ ചര്‍ച്ചാവിഷയം ‘ആവിഷ്കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതാണ്” (ശരി)
”യോഗത്തിലെ ചര്‍ച്ച ‘ആവിഷ്കാര സ്വാതന്ത്ര്യവും വെല്ലുവിളികളും’ എന്നതിനെക്കുറിച്ചാണ്” (ശരി)
മുഖപ്രസംഗങ്ങളില്‍നിന്ന്:
‘ഇത്തരം പ്രചാരണക്കാര്‍ യദാര്ഥത്തില് ചെയ്യുന്നത് കൊലപാതകത്തിനുള്ള പ്രോത്സാഹനമാണ്. ഇത്തരക്കാരുടെ പിടിയില്‍ വീഴാതെ തുറന്ന മനസ്സോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ മാത്രമേ അവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനാവൂ. ഇത്തരത്തില്‍ ഇനിയും ഒരു ജീവന് നഷ്ടപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് എല്ലാവരും ദൃഢപ്രതിജ്ഞയെടുക്കണം”
ആദ്യവാക്യത്തിന്റെ ഘടന ശരിയല്ല.
”ഇത്തരം പ്രചാരണക്കാര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്’ (ശരി)
മൂന്നു വാക്യങ്ങളും ‘ഇത്തര’ത്തില്‍ തുടങ്ങുന്നത് വിരസതയുണ്ടാക്കുന്നു. അല്പം ശ്രദ്ധിച്ചെങ്കില്‍ അതൊഴിവാക്കാമായിരുന്നു.
”ഇത്തരം പ്രചാരണക്കാര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിടിയില്‍ വീഴാതെ തുറന്ന മനസ്സോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാലേ കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ. ഒരു ജീവന് ഇനി ഇങ്ങനെ നഷ്ടപ്പെടാന്‍ അനുവദിക്കുകയില്ലെന്ന് എല്ലാവരും ദൃഢപ്രതിജ്ഞയെടുക്കണം”
”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാതെ പോകുന്നതിനു പ്രധാനകാരണം ബന്ധപ്പെട്ട മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതുകൊണ്ടാണ്”
‘കാരണം’ ‘കൊണ്ട്’ ഇവയില്‍ ഒന്നു മതി.
”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാത്തതിനു പ്രധാനകാരണം ബന്ധപ്പെട്ട മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതാണ്” (ശരി)
”സമയത്തും കാലത്തും പദ്ധതികള്‍ പൂര്‍ത്തിയാകാത്തത് മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാത്തതുകൊണ്ടാണ്” (ശരി).
”ആ കടയിലായിരുന്നു അവര്‍ക്ക് കയറേണ്ടിയിരുന്നത്”
ഭൂതകാല സൂചകമായ ‘ആയിരുന്നു’ വിന്റെ ആവര്‍ത്തനം ഒഴിവാക്കാം.
”ആ കടയിലായിരുന്നു അവര്‍ക്ക് കയറേണ്ടത്” (ശരി)
”ആ കടയിലാണ് അവര്‍ക്ക് കയറേണ്ടിയിരുന്നത്” (ശരി).
പിന്കുറിപ്പ്:
”എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടും” – എം. മുകുന്ദന്
എഴുത്തുകാരന്മാരും സുന്ദരികളല്ലാത്ത എഴുത്തുകാരികളും ചേര്‍ന്ന് ഈ ദുഷ്പ്രവണതയ്ക്കെതിരെ നവോത്ഥാനയാത്ര നടത്തണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: