കോട്ടയം: ചെയര്മാന് സ്ഥാനത്തെ ചൊല്ലി ജോസഫ്-മാണി വിഭാഗങ്ങള്‍ തമ്മില്‍ ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ഇന്നലെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗത്തില്‍ ജോസ് കെ. മാണി എംപിയെ മാണിവിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു.
കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷമുള്ള പതിനൊന്നാമത്തെ പിളര്‍പ്പാണിത്. പി.ജെ. ജോസഫും മാണിവിഭാഗവും വേര്‍പിരിയുന്നത് മൂന്നാമത്തെ തവണയും. ഇടയ്ക്ക് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്ത മാണി -ജോസഫ് വിഭാഗങ്ങള്‍ 2010ല്‍ ആണ് ഒന്നിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും ഇരുവിഭാഗങ്ങളും വേര്‍പിരിഞ്ഞു.
450 അംഗ സംസ്ഥാന സമിതി യോഗത്തില്‍ 325 പേര് പങ്കെടുത്തെന്നാണ് മാണിവിഭാഗം അവകാശപ്പെടുന്നത്. എട്ട് ജില്ലാ പ്രസിഡന്റുമാരും യോഗത്തിനെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ന്ന അര മണിക്കൂര്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇ.ജെ. അഗസ്തിയാണ് ജോസ് കെ. മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. പി.കെ. സജീവ്, തോമസ് ജോസഫ് എന്നിവര്‍ പിന്താങ്ങി. മറ്റൊരു പേരും ആരും നിര്‍ദ്ദേശിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ച മുതിര്‍ന്ന അംഗം അഡ്വ. കെ. ഇസഡ്. കുഞ്ചെറിയ, ജോസ് കെ. മാണിയെ ചെയര്‍മാനായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് ജോസ് കെ. മാണി നന്ദി പ്രസംഗം നടത്തി. പാര്‍ട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്ശേഷം തുറന്ന വാഹനത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രകടനമായെത്തി ജോസ് കെ. മാണി ചെയര്മാന് സ്ഥാനം ഏറ്റെടുത്തു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കെ.എം. മാണിയുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്തു. അതേസമയം സമാന്തരയോഗം നിയമവിരുദ്ധമാണെന്നും സംസ്ഥാനസമിതി വിളിക്കാന്‍ അധികാരം തനിക്ക് മാത്രമാണെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.
നിലവില്‍ മൂന്ന് എംഎല്‍എമാര്‍ ജോസഫ് വിഭാഗത്തിനൊപ്പമാണ്. പി.ജെ. ജോസഫിനെ കൂടാതെ മോന്‍സ് ജോസഫും സി.എഫ് തോമസും ജോസ് കെ. മാണി വിരുദ്ധചേരിയിലാണ്. റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ.മാണിക്കൊപ്പമാണ്. മുതിര്‍ന്ന നേതാക്കളായ ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തില്ല.
കെ.എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്മാന് പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ പിളര്‍ത്തിയത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമന്ന ആവശ്യം ജോസഫ് തള്ളിയതോടെയാണ് മാണിവിഭാഗം സമാന്തരയോഗം വിളിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന് പരിശോധനയ്ക്ക് ശേഷമാണ് അംഗങ്ങളെ സമ്മേളനഹാളില്‍ പ്രവേശിപ്പിച്ചത്. പുറത്ത് പോലീസ് കാവലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: