മട്ടാഞ്ചേരി: കൊച്ചിയുടെ ചീനവലകള്‍ തകര്‍ച്ച ഭീഷണിയില്‍. കടല്‍ കരകവരുമ്പോള്‍ അഴിമുഖ കവാടത്തിലെ ചീനവലത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ കയറ്റത്തിന്റെ രൂക്ഷതയില്‍ തീരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ കൊച്ചിയുടെ തീരത്തെ ഓരോ ചീനവലകളും കടലെടുക്കുന്നകാഴ്ചയാണ്. കരയില്‍ കടലിലേയ്‌ക്ക് നീണ്ടു നില്ക്കുന്ന വലകള്‍ക്ക് കര ഇല്ലാതാകുന്നതോടെ തകര്‍ന്നു വീഴുകയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എട്ടോളം ചീനവലകളാണ് കടലെടുത്തത്. ഓരോ കാലവര്‍ഷത്തിലും ചീനവലകള്‍ നശിക്കുമ്പോള്‍ സമീപത്തുള്ളവ ശക്തിപ്പെടുത്തുമെങ്കിലും ചീനവലകളുടെ ഉറപ്പ് ക്ഷയിക്കുന്നതായി ചീനവല തൊഴിലാളികള്‍ പറയുന്നു. കൊച്ചി അഴിമുഖകവാടത്തില്‍ ഇരുകരകളിലുമായി 1990 കളിലുണ്ടായിരുന്ന 38 ചീനവലകള്‍ ഇപ്പോള്‍ 16 എണ്ണമായെന്നാണ് കണക്കുകള്‍. ചീനവലകളുടെ തകര്‍ച്ച കൊച്ചിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണില്ലാതാക്കുന്നത്. ഒപ്പം ഒട്ടേറെ കുടുംബങ്ങളുടെ വരുമാനവും തൊഴില്‍ നഷ്ടവുമുണ്ടാക്കുന്നു.
















