ആലുവ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലുമാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും നികുതി പിരിക്കാതെ ആലുവ നഗരസഭയില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. നഗരത്തില്‍ നിരവധി പേ ആന്‍ഡ് പാര്‍ക്ക് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരും നഗരസഭയുടെ ലൈസന്‍സ് എടുത്തിട്ടില്ല.
ടിക്കറ്റ് ഉപയോഗിച്ച് പണം പിരിക്കുന്ന ഏത് സംരഭത്തിനും ലൈസന്‍സ് വേണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് പേ ആന്‍ഡ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍ ആരോഗ്യ വിഭാഗത്തിന് രേഖാമൂലം പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
ആലുവ മാര്‍ക്കറ്റ് നവീകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായി. നിര്‍ദ്ദിഷ്ട പുതിയ കെട്ടിടത്തില്‍ മുറി അനുവദിക്കുന്നതിന് നിലവിലെ കച്ചവടക്കാരില്‍ നിന്നും ശേഖരിച്ച 80 ലക്ഷത്തോളം രൂപ ധനകമ്മിയെ തുടര്‍ന്ന് നഗരസഭ വകമാറ്റി ചെലവഴിച്ചിരുന്നു. കെട്ടിടത്തിന് ആറ് കോടി രൂപ വായ്‌പ അനുവദിക്കുന്നതിന് കച്ചവടക്കാരില്‍ നിന്നും അഡ്വാന്‍സായിശേഖരിച്ച തുക അടയ്‌ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് വായ്‌പ അപേക്ഷ നിരസിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലും ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
















