മാന്ത്രിക ശബ്ദംകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ ഉണ്ടാക്കിയ ഗസല്‍ ഗായകനാണ് അനൂപ് ജലോട്ട എന്ന ഗസല്‍ സമ്രാട്ട്. വിരലിലെണ്ണാവുന്ന ശിഷ്യന്മാര് മാത്രമാണ് അദ്ദേഹത്തിനുള്ളത്. അതിലൊരു മലയാളി സാന്നിധ്യമുണ്ട്-തലശ്ശേരിക്കാരനായ ജിതേഷ് സുന്ദരം. അനൂപ്ജിയുടെ കൂടെ നടന്ന്, ഗസലിനെ ആത്മാവിലേക്ക് ആവാഹിച്ച് ആലാപനത്തിലൂടെ കേള്‍വിക്കാരുടെ മനം കുളിര്‍പ്പിക്കുന്നു ജിതേഷ്.
കര്‍ണാടക സംഗീതത്തില്‍
ചെറുപ്പം മുതല്‍ സംഗീതമായിരുന്നു ജിതേഷിന്റെ മനസ്സു നിറയെ. അച്ഛന് സുന്ദരം ഡോക്ടര്‍ ആയിരുന്നുവെങ്കിലും സംഗീതത്തെ നെഞ്ചേറ്റിയ വ്യക്തി. പ്രാക്ടീസിനിടയിലും അച്ഛന് സംഗീതം പഠിക്കാനായി സമയം കണ്ടെത്തി. സംഗീതത്തെ പ്രാര്‍ത്ഥനയായി സ്വീകരിക്കുന്ന അച്ഛന് തന്നെയായിരുന്നു ജിതേഷിനെല്ലാം. ജ്യേഷ്ഠന് പാശ്ചാത്യ സംഗീതം തിരഞ്ഞെടുത്തപ്പോള്‍ ജിതേഷ് അച്ഛന്റെ പാത പിന്തുടര്ന്നു. ഇതിനോടൊപ്പം വാദ്യോപകരണങ്ങളിലും ശ്രമം നടത്തി. അങ്ങനെ മൃദംഗവും തബലയും വശത്താക്കി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കര്‍ണാടക സംഗീതത്തില്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു.
പിന്നീട് രാപകലില്ലാതെ സംഗീതം മാത്രമായി. അവധി ദിവസങ്ങളില്‍ കൊച്ചു ജിതേഷിന് കൂട്ടായത് അച്ഛന് ശേഖരിച്ചുവച്ച വാദ്യോപകരണങ്ങളായിരുന്നു. സ്കൂളുകളിലെ കലോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യവും അറിയിച്ചു. ആലാപനത്തിന് താത്ക്കാലികമായി വിട നല്കി തബലയിലും മൃദംഗ മത്സരത്തിലുമായി ശ്രദ്ധ. ഇതിനിടെ ചലച്ചിത്ര നടന് വിനീതെന്ന കൂട്ടുകാരനേയും കിട്ടി. നൃത്തവുമായി വിനീത് വേദി കീഴടക്കുമ്പോള്‍ ഇന്‍സ്ട്രമെന്റുകളിലൂടെ ജിതേഷും സാന്നിധ്യം അറിയിച്ചു.
ഗസലിലേക്കുള്ള വരവ്
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്്തിരുന്ന ബന്ധുക്കളും മറ്റും അവധിക്ക് നാട്ടിലെത്തുമ്പോള്‍ സംഗീതത്തിന്റെ നിരവധി കാസറ്റുകളും സമ്മാനിക്കും. അവിചാരിതമായി എത്തിച്ചേര്‍ന്ന കാസറ്റിലൂടെയാണ് ഗസലിന്റെ വശ്യത ജിതേഷിനെ ആകര്‍ഷിക്കുന്നത്. അനൂപ് ജലോട്ടയുടേയും ഗുലാം അലിയുടേയും ഗസലാണ് ആദ്യമായി കേള്‍ക്കുന്നത്. ഒരു പ്രാര്‍ത്ഥനയെന്ന പോലെ അതിലേക്ക് ഇഴുകിച്ചേര്‍ന്നു. അനൂപ്ജിയെന്ന മാന്ത്രികന്റെ ശബ്ദം ഹൃദയത്തെ സ്പര്‍ശിച്ചു. പിന്നീട് ഗള്‍ഫില്‍നിന്ന് വരുന്ന ബന്ധുക്കളോട് ഗസല്‍ കാസറ്റുകള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കര്‍ണാടക സംഗീതത്തില്‍നിന്ന് ദിശമാറി ഗസലില്‍ മുഴുകി. മൂഡനുസരിച്ച് പാട്ട് കേള്‍ക്കുന്നയാളാണ് ഞാന്‍. മുഴുവന്‍ സമയം ഗസലില്‍ അലിയുമ്പോള്‍ ഇടയ്ക്ക് കര്‍ണാടക സംഗീതത്തിലേക്കും ഊളിയിടും. പരിശീലനത്തിനും പ്രത്യേക സമയം കണ്ടെത്താറില്ല. ചിലപ്പോഴൊക്കെ അത് പാതിരാത്രിക്കാവുമെന്ന് ഒരു കള്ളച്ചിരിയോടെ ജിതേഷ് പറയുന്നു.
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് ജിതേഷിന്റെ അച്ഛന്. അതുകൊണ്ട് തന്നെ സംഗീതത്തിനൊപ്പം വിദ്യാഭ്യാസവും വേണമെന്ന് ശഠിച്ചു. സയന്‍സ് മേഖലയിലേക്ക് തിരിയാന്‍ വേണ്ടത്ര ആത്മവിശ്വാസമുണ്ടാകാതിരുന്ന ജിതേഷ് വക്കീലാകാന്‍ തീരുമാനിച്ചു. ബെംഗളൂരുവിലെ എസ്ബിഎം കോളേജില്‍ എല്‍എല്‍ബിയ്ക്ക് സീറ്റും നേടിയെടുത്തു. ബെംഗളൂരുവിലെ വാസമാണ് ജീവിതത്തെ മാറ്റിമറിച്ചത്. ഉറങ്ങാതെ കൂട്ടുകാരുമൊത്ത് പാടിത്തീര്‍ത്ത രാവുകള്‍, ടൂ വീലറിലെ രാത്രി യാത്രകള്‍… ഒരുപാട് ചിന്നിച്ചിതറിയ സംഭവങ്ങള്‍ ജിതേഷിന്റെ ഓര്‍മ്മകളിലേക്ക് വീണ്ടും ചേക്കേറി.
അനൂപ്ജിയിലേക്ക്
ഗസലിനെ നെഞ്ചേറ്റിയപ്പോള്‍ അനൂപ്ജിയോടുള്ള ആരാധനയും ഏറി. ഒരിക്കല്‍ കോഴിക്കോട് മലബാര്‍ മഹോത്സവത്തില്‍ അനൂപ്ജി എത്തിയപ്പോള്‍ ശിഷ്യത്വം സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്ന്് ജിതേഷ് പറഞ്ഞു. എന്നാല്‍ വളരെ സ്നേഹത്തോടെ അത് പിന്നീടാകാമെന്നും, ഇപ്പോള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ഉപദേശം. അത് ജിതേഷില്‍ വേദനയുണ്ടാക്കി. തന്റെ ആഗ്രഹത്തെ തല്ക്കാലം മൂടിവെച്ച് അഭിഭാഷകന്റെ മേല്‍ക്കുപ്പായമണിയാന്‍ ബെംഗളൂരൂവിലെത്തിയപ്പോഴും ഒന്നുമാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു, അനൂപ് ജലോട്ടയുടെ ശിഷ്യത്വം സ്വീകരിക്കണം. പിന്നീട് അവിടെനിന്ന് ശേഖരിച്ച മാഗസനില്‍ നിന്നാണ് അനൂപ്ജിയിലേക്കുള്ള വാതില്‍ തുറന്നത്. ശേഷം ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ അത് ഫലം കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല.!
ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു പുലര്‍ത്തിയതെന്ന് പറയാം. മുംബൈയില്‍ അനൂപ്ജിയുടെ സ്വന്തം വീട്ടില്‍, ഔട്ട് ഹൗസിലായിരുന്നു ജിതേഷിന്റെ താമസം. അത് വേറിട്ടൊരനുഭവമായിരുന്നു. അനൂപ്ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജിതേഷ് വാചാലനായി. അനൂപ്ജിയുമൊത്തുള്ള ഓര്‍മ്മയുടെ മണിമുത്തുകള്‍ ജിതേഷ് കോര്‍ത്തെടുത്തു. അനൂപ്ജി വ്യത്യസ്തനാണ്. ലോക പ്രശസ്തനായ ഒരു കലാകാരന്റെ യാതൊരു ഭാവഭേദവുമില്ലാത്തയാള്‍. എല്ലാവരോടും സ്നേഹമാണ്. ശിഷ്യനെന്നതിലുപരി മകനെപ്പോലെയാണ് തന്നോടുള്ള പെരുമാറ്റം. ശിഷ്യത്വം സ്വീകരിച്ച് അനൂപ്ജിയോടൊപ്പം കൂടുമ്പോള്‍ താനേതോ മായാലോകത്താണെന്നും ജിതേഷിന് തോന്നിയിട്ടുണ്ട്. ലോകമെമ്പാടും വേദി കിട്ടുമ്പോള്‍ ജിതേഷിനും അദ്ദേഹം അവസരം നല്‍കും. ഒരിക്കല്‍ അദ്ദേഹത്തിനിഷ്ടപ്പെട്ട ഹാര്‍മോണിയം ജിതേഷിന് സമ്മാനിച്ചു.
സംഗീത സംവിധാനവും
ചെറുപ്പം മുതല്‍ മനസ്സില്‍ സംഗീതം പേറിയ താന്‍ സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് ജിതേഷ് പറയുന്നു. ”എല്ലാം അവിചാരിതമായിരുന്നു. ഹിന്ദിയില്‍ നിരവധി ഗസല്‍ ആല്‍ബങ്ങള്‍ക്ക് സംഗീതം നല്കി. മലയാളത്തില്‍ അനൂപ്ജിയെക്കൊണ്ട് പാടിക്കണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്കി. അങ്ങനെ മലയാളത്തില്‍ ‘എന്നുമീ സ്വരം’ എന്ന ആല്‍ബം പിറന്നു. റഫീക്കിന്റെ വരികള്‍ക്ക് സംഗീതം നല്കാന് ബുദ്ധിമുട്ടിയില്ല, അദ്ദേഹത്തിന്റെ വരികളില്‍ ഈണവും ചാലിച്ചിരുന്നു. ആല്‍ബങ്ങള്‍ക്ക് പാട്ടെഴുതാത്ത ഒരാള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് റഫീഖില്‍ എത്തിയത്. അനൂപ് ജലോട്ടയുടേയും പങ്കജ് ഉദാസിന്റേയും ശബ്ദം ഗസല്‍ പ്രേമികള്‍ നെഞ്ചേറ്റിയതോടെ ആല്‍ബത്തിന് നല്ല സ്വീകാര്യതയും കിട്ടി. മലയാളികള്‍ക്ക് ഗസലെന്നാല്‍ ഉമ്പായിയാണ്. ഉമ്പായി പാടുമ്പോള്‍ കൊച്ചിയിലെ കായല്‍ക്കാറ്റു പോലും ഗസലില്‍ അലിയും. പങ്കജ് ഉദാസിനെ അനുഗമിച്ചാണ് ഉമ്പായിയും പാടിയത്. വാക്കുകളുടെ കടുപ്പം കുറച്ച് ഏത് സാധാരണക്കാരനും മനസ്സിലാകുന്ന രീതിയായിരുന്നു ഇരുവരുടേയും.”
ദുഃഖത്തിലൂടെ സുഖം
ചിലപ്പോഴൊക്കെ ജീവിതത്തിലെ വിവിധ പ്രണയ തലങ്ങളാണ് ഗസലില്‍ പ്രകടമാകുക. എന്നാല്‍ മറ്റുചിലപ്പോള്‍ അവ സാമൂഹ്യ പ്രശ്നങ്ങളിലേക്കും മാറിയൊഴുകുന്നത് കാണാം. ഗസലെന്നാല്‍ ദുഃഖത്തിലൂടെ സുഖം കണ്ടെത്തുന്നതാണ്. വൈകാരിക തലങ്ങളിലേക്ക് മനസ്സിനെ സ്വതന്ത്രമാക്കുമ്പോള്‍ ഗസലിന്റെ ഈണം സിരകളില്‍ പടരും. ആകസ്മികമായി ഹൃദയത്തെ പിടിച്ചെടുക്കുന്ന വരികളും ഈണവുമാണ് ഗസലുകള്‍. ഗസലിന് ഒരു നിയമമുണ്ട്. ഈരടികളാണ് ഗസലിന്റെ ഭംഗി. എല്ലാ പ്രണയ ഗീതങ്ങളും ഗസലല്ല. ഗസലുകള്‍ക്ക് കേരളത്തില്‍ ആസ്വാദകര്‍ കുറവാണെന്നാണ് ജിതേഷിന്റെ പക്ഷം. ഉത്തരേന്ത്യയിലാണ് ആസ്വാദകര്‍ ഏറെയുള്ളത്. മെഹദി ഹസന്റെ ഇടപെടലിലൂടെയാണ് ഗസലിന് പുതിയ മുഖം ഉണ്ടാകുന്നത്. സ്കോട്ട്ലന്‍ഡില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് പാടുമ്പോള്‍ ‘ബാത്ത് നികലേകി’ എന്ന ഗാനം പലയാവൃത്തി പാടിപ്പിച്ചത് മറക്കാനാകാത്ത സംഭവമായിരുന്നുവെന്ന് ജിതേഷ് ഓര്‍ത്തെടുത്തു.
പാട്ട് കഴിഞ്ഞാല്‍ സ്പോര്‍ട്സ്
സംഗീതം മാറ്റിവെച്ചാല്‍ ജിതേഷ് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് സ്പോര്‍ട്സാണ്. വലിയ കുടുംബമാണ് ജിതേഷിന്റേത്. എല്ലാവരും കൂടുമ്പോഴുള്ള രസത്തില്‍ സൊറ പറച്ചിലിനു പുറമെ കായിക മത്സരങ്ങളും നടത്തും. പാട്ടുകളും ഗായകരുമൊക്കെ സംസാരത്തില്‍ വരും. സംസാരം ഒടുവില്‍ സംവാദത്തിലേക്കുവരെ എത്തും. ജിതേഷിന്റെ അഭിപ്രായത്തില്‍ ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെടുന്നത് ഈ സൗഭാഗ്യങ്ങളാണ്. കുടുംബത്തിലെ എല്ലാവര്ക്കും മൊബൈലില്‍ മാത്രമാണ് ശ്രദ്ധ. എവിടെച്ചെന്നാലും ഇതാണവസ്ഥ. തല നിവര്‍ത്തി നടന്നിരുന്നവര്‍ തല കുനിച്ചാണിപ്പോള്‍ നടക്കുന്നത്. ഒരു കുടുംബത്തിലുള്ളവര്‍ പരസ്പരം മിണ്ടാന്‍ മടി കാണിക്കുന്നു. പാടത്തും പറമ്പിലും കളിച്ച് നടക്കേണ്ടവര്‍ പബ്ജിയിലേക്ക് ഒതുങ്ങിക്കൂടി.
പ്രണയം ഗസലിനോട് ആയിരുന്നതിനാല്‍ ജീവിതസഖിയെ കണ്ടെത്തിയത് അച്ഛനും അമ്മയും ചേര്‍ന്നാണ്. ഇരുവരുടേയും നിര്‍ദേശ പ്രകാരം പെണ്ണ്കാണാന്‍ പോയി. ഭാഗ്യവശാല്‍ സംഗീതജ്ഞനെ മാത്രമേ കല്യാണം കഴിക്കൂവെന്ന പ്രിയതമയുടെ പിടിവാശി ജിതേഷിന് തുണയായി. അങ്ങനെ 2002-ല്‍ ഷിനിയെ ജീവിത പങ്കാളിയാക്കി. കല്യാണത്തിന് അനൂപ്ജിയുടെ വരവ് ജിതേഷിന്റെ കുടുംബക്കാരെ ഞെട്ടിച്ചു. തന്റെ പ്രിയപ്പെട്ട ഗുരുവിന്റെ സ്വരമാധുരിയില്‍ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസം ധന്യമായി. അതില്‍പ്പരം എന്തു ഭാഗ്യമാണ് തനിക്ക് വേണ്ടതെന്ന് ജിതേഷ് ചോദിക്കുന്നു. അന്‍സികയെന്ന അഞ്ചാംക്ലാസുകാരിയാണ് ഏകമകള്‍.
കുടുംബത്തിന്റെ പിന്തുണ
ഏതൊരു കലാകാരനും കുടുംബം നല്കുന്ന പിന്തുണയാണ് ഉയര്‍ച്ചയ്ക്കാധാരം. ചെറുപ്പകാലത്ത് അച്ഛന് സുന്ദരവും അമ്മ വനജയും തന്ന പിന്തുണയാണ് ഇത്രത്തോളം എത്തിച്ചത്. വിദേശത്ത് പരിപാടികള്‍ക്ക് പോകുമ്പോള്‍ ജിതേഷിന്റെ സാന്നിധ്യം നഷ്ടമാകും. അതില്‍ ഏറ്റവും സങ്കടം മകള്‍ അന്‍സികയ്ക്കാണ്. അച്ഛനെ കണ്‍നിറയെ കാണാന്‍ കിട്ടാത്തതില്‍ പരാതിയാണ് എപ്പോഴും. വീട്ടിലെത്തിയാല്‍ കൂടുതല്‍ സമയവും കുടുംബവുമായി ചെലവഴിക്കാനാണിഷ്ടം.
ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല സംഗീതത്തെ സ്നേഹിച്ചത്. അതുകൊണ്ടുതന്നെ ചലച്ചിത്രരംഗത്ത് പിന്നണിയില്‍ പാടാന്‍ ആഗ്രഹിച്ചിരുന്നില്ല. അനൂപ്ജിയുടെ ശിഷ്യത്വം സ്വീകരിച്ചതിനുശേഷം ഉയരങ്ങളിലേക്ക് എത്തി. സ്വപ്നം കണ്ടതൊക്കെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’ എന്ന ചിത്രത്തില്‍ ഒരു പാട്ടില്‍ അഭിനയിച്ചു. ചിത്രത്തിനു വേണ്ടി ആ ഗാനം സംവിധാനം ചെയ്തത് അനൂപ്ജി ആയിരുന്നു. ലൈവ് ആയി തന്നെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായതിനാല്‍ ഒരൊറ്റ ടേക്കിലായിരുന്നു ആ പാട്ട് ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: