പള്ളുരുത്തി: ചെല്ലാനത്ത് കടല്‍ഭിത്തിയില്ലാത്തിടങ്ങളിലൂടെ കടല്‍കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ജിയോ ബാഗുകളില്‍ മണല്‍ നിറക്കല്‍ ഇന്നലെ ആരംഭിച്ചു.
കഴിഞ്ഞ ദിവസം കളക്ടറുമായി തീരവാസികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മണല്‍ നിറക്കല്‍ ആരംഭിച്ചത്. വേളാങ്കണ്ണി, ബസ്സാര്‍ തീരങ്ങളിലാണ് ജിയോ ബാഗ് തടയിണ തീര്‍ത്ത് കടല്‍കയറ്റം തടയാന്‍ ധാരണയായത്. കരാറുകാരന്‍ നിയോഗിച്ച 15 തൊഴിലാളികളെ കൂടാതെ നൂറോളം നാട്ടുകാരും ബാഗുകളില്‍ മണല്‍ നിറക്കാനെത്തി.
ബസ്സാറിലും, വേളാങ്കണ്ണി ഭാഗങ്ങളിലുമായി രണ്ടായിരം ബാഗുകള്‍ ആവശ്യമാണെന്നിരിക്കെ 500 ല്‍ താഴെ ബാഗുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ശക്തമായ കടല്‍കയറ്റത്തിനു മുന്നില്‍ ജിയോ ബാഗുകള്‍ പ്രായോഗികമല്ലെന്ന് തീരദേശവാസികള്‍ കളക്ടറെ ബോദ്ധ്യപ്പെടുത്തിയെങ്കിലും താല്ക്കാലിക പരിഹാരം എന്ന നിലക്കാണ് ജിയോ ബാഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം ജില്ലാ ഭരണകൂടത്തിന്റേയും പഞ്ചായത്ത് ഭരണസമിതിയുടേയും ഉത്തരവാദിത്വമില്ലാത്ത നിലപാടിനെതിരെ 17 ന് തീരവാസികള്‍ ചെല്ലാനം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. സമര പരിപാടികള്‍ ആരംഭിക്കാതെ നിര്‍വ്വാഹമില്ലാത്ത ഘട്ടത്തിലാണ് നാട്ടുകാര്‍.
വലിയ ദുരന്തം നേരിടുന്ന ചെല്ലാനം പ്രദേശത്ത് തിരിഞ്ഞു നോക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതിക്കായിട്ടില്ല. സ്ഥലം എംഎല്‍എയും കടലേറ്റ പ്രദേശം സന്ദര്‍ശിക്കാതെ വിട്ടു നില്‍ക്കുന്നതും നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
















