ജനിതക രോഗങ്ങള്‍ സൗന്ദര്യ ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷവും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടരുന്ന നുണപ്രചാരണം ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ വിജയിച്ചതിന് നന്ദി പറയാന്‍ എത്തിയ രാഹുല്‍ താന്‍ ഒരു ‘പാതോളജിക്കല്‍ ലയര്‍’ ആണെന്ന് വീണ്ടും തെളിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ പറഞ്ഞും വിദ്വേഷം വളര്‍ത്തിയുമാണ് തെരഞ്ഞെടുപ്പ് വിജയം നേടിയതെന്ന രാഹുലിന്റെ പറച്ചില് ജനാധിപത്യ വിരുദ്ധമാണ്. പരാജയത്തില്‍നിന്ന് പാഠം പഠിക്കാന്‍ കോണ്‍ഗ്രസ്സ് ഇനിയും തയ്യാറല്ലെന്നതിന്റെ പരസ്യപ്രഖ്യാപനവുമാണിത്. തങ്ങള്‍ എക്കാലത്തെയും ഭരണവര്‍ഗമാണെന്ന നെഹ്റു കുടുംബത്തിന്റെ വംശീയമായ അഹങ്കാരമാണ് ജനവിധി അംഗീകരിക്കാത്ത രാഹുലിന്റെ മനോഭാവത്തില്‍ പ്രകടമാവുന്നത്.
കോണ്‍ഗ്രസ്സിന്റെ പ്രചാരണം നയിച്ച രാഹുല്‍ മനോരോഗിയെപ്പോലെ നുണകള്‍ ആവര്‍ത്തിക്കുകയായിരുന്നു. 2014-നെ അപേക്ഷിച്ച് രാഹുല്‍ നില മെച്ചപ്പെടുത്തി, കാര്യപ്രാപ്തി നേടി, മോദിയെ വെല്ലുവിളിക്കാനുള്ള കരുത്താര്‍ജിച്ചു, പ്രധാനമന്ത്രിയായിക്കാണാന്‍ രാജ്യം കാത്തിരിക്കുന്ന നേതാവായി വളര്‍ന്നു എന്നൊക്കെ കോണ്‍ഗ്രസ്സ് അടിമത്തവും വിധേയത്വവും പുലര്‍ത്തുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍, ഒട്ടും പിന്നോട്ടു പോകരുതെന്ന ഭാവത്തിലായിരുന്നു രാഹുലിന്റെ നുണപ്രചാരണം. നുണകളില്‍ ചിലത് കാണുക:
ഒന്ന്: സുപ്രീംകോടതിയും സിഎജിയും ക്ലീന്‍ചിറ്റ് നല്‍കിയിട്ടും റഫാല്‍ വിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും സമ്മതിച്ചിരിക്കുന്നു എന്നു പ്രസ്താവിച്ചു. വിധിയില്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് സുപ്രീംകോടതി കടിച്ചുകുടഞ്ഞിട്ടും രാഹുല്‍ പിന്മാറിയില്ല.
രണ്ട്: രാഹുലിന് കൈലാസ് മാനസരോവര്‍ യാത്ര നടത്താന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്നായിരുന്നു മറ്റൊരു നുണ. ഇങ്ങനെയൊരു അഭ്യര്‍ത്ഥന ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ ഈ നുണ പൊളിഞ്ഞു.
മൂന്ന്: ആദിവാസികളെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കുന്നതിനായി നിയമത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം. ഇത് വെറും നുണയാണെന്നു മാത്രമല്ല, നക്സല്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നതുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിച്ചപ്പോള്‍ ‘പ്രസംഗത്തില്‍ പറഞ്ഞുപോയതാണ്’ എന്നായിരുന്നു മറുപടി.
നാല്: സമാന്തര സേനകള്‍ക്ക് മോദി സര്‍ക്കാര്‍ രക്തസാക്ഷി പദവി നല്‍കുന്നില്ല എന്നാണ് ഹിമാചലിലെ കംഗ്രയില്‍ രാഹുല്‍ പ്രസംഗിച്ചത്. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് രക്തസാക്ഷി പദവി നല്‍കുമെന്നും പറഞ്ഞു. സമാന്തര സേനയില്പ്പെട്ടവര്ക്കെന്നല്ല, സായുധസേനയിലെ ഒരു വിഭാഗത്തിനും ഔദ്യോഗികമായി രക്തസാക്ഷി പദവി ഇല്ലെന്നതാണ് വസ്തുത.
അഞ്ച്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മോദി സര്‍ക്കാര്‍ ‘നശിപ്പിച്ചു’ എന്നും പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ തുക അനുവദിച്ച് ഈ പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
ആറ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കളെ മോദി സര്‍ക്കാര്‍ വെടിവച്ചു കൊല്ലുന്നു എന്നായിരുന്നു മറ്റൊരു നുണ. മോദി ഭരണത്തിന് കീഴില്‍ ഈ മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഒഴിഞ്ഞകാലത്താണ് രാഹുല്‍ ഇതു പറഞ്ഞത്. കോണ്‍ഗ്രസ്സ് ഭരണകാലത്ത് സൈനിക നടപടിയുടെ പേരില്‍ ജനങ്ങള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്നതാണ് വാസ്തവം.
ഏഴ്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ സഹായിക്കുന്നതിനുപകരം മോദി, അനില്‍ അംബാനിയുടെ റിലയന്‍സിന് 30000 കോടി രൂപ നല്‍കിയെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ ആരോപണവുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു. റഫാല്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലാത്ത റിലയന്‍സ്-എറിക്സണ് കേസാണിത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനി എറിക്സണ് നല്‍കാനുള്ള തുക നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. പക്ഷേ 30,000 കോടിയുടെ കണക്ക് എവിടെനിന്നെന്ന് ആര്‍ക്കുമറിയില്ല. കേസില്‍ അനില്‍ അംബാനിക്കുവേണ്ടി ഹാജരായത് കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബലുമായിരുന്നു.
എട്ട്: കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും കടം എഴുതിത്തള്ളാത്ത മോദി വ്യവസായികളുടെ ലക്ഷക്കണക്കിന് കോടി രൂപ എഴുതിത്തള്ളിയെന്നും രാഹുല്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ യുപിഎ ഭരണകാലത്താണ് കോര്‍പ്പറേറ്റ് ഭീമന്മാര് ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുത്തത്. ഈ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം (ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ്-ഐബിസി) നടത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ മൂന്ന് ലക്ഷം കോടി തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ തന്നെ നുണ പ്രചരിപ്പിച്ചതിന് സത്യസന്ധരായ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് നല്കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിഞ്ഞത്. വ്യക്തിപരമായി അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത വിജയമാണ് വയനാട്ടില്‍ രാഹുല്‍ നേടിയത്. നെഹ്റു കുടുംബത്തിന്റെ തട്ടകമായ, അമേഠിയിലെ തോല്‍വി മറച്ചുവയ്ക്കാന്‍ കൂടിയാണ് വയനാട്ടിലെ നാലര ലക്ഷത്തിന്റെ ഭൂരിപക്ഷം മുന്‍നിര്‍ത്തിയുള്ള വിജയാഘോഷം.
രാഹുലിനെ വയനാട്ടിലേക്ക് കൊണ്ടുവന്നതിനു പിന്നില്‍ എ.കെ. ആന്റണിയാവാനേ തരമുള്ളൂ. കെ.കരുണാകരനെ വീഴ്ത്തി മുഖ്യമന്ത്രിയായശേഷം 1995-ല്‍ മുസ്ലിംലീഗിന്റെ കുത്തകയായ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍നിന്ന് ആന്റണി തെരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. കോണ്‍ഗ്രസ്സിന്റെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് എന്തു സംഭവിച്ചാലും വയനാട്ടില്‍നിന്ന് 40 ശതമാനം വരുന്ന മുസ്ലിം വോട്ടിന്റെ ബലത്തില്‍ ജയിച്ചു കയറാമെന്ന ബുദ്ധി ഉപദേശിച്ചത് ആന്റണി തന്നെയായിരിക്കും.
വയനാട്ടിലേത് മുസ്ലിംലീഗിന്റെ വിജയമാണ്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സന്തോഷത്തോടെ ഏറ്റെടുത്ത ലീഗിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്നതോ കോണ്‍ഗ്രസ്സിന് പങ്കാളിത്തമുള്ളതോ ആയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്നാല്‍ ലീഗിന് വിലസാം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുത്ത വകയില്‍ മന്ത്രിസ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങാം. മുസ്ലിംലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റുവാണല്ലോ. ഈ കുതിരയുടെ പുറത്തു കയറി ചെറുമകന് സവാരി ചെയ്യുന്നത് ഇസ്ലാമിക വിജയമായി ആഘോഷിക്കാം.
സ്വയരക്ഷ തേടിയാണ് രാഹുല്‍ വയനാട്ടിലേക്ക് വന്നതെങ്കിലും അത് കോണ്‍ഗ്രസ്സിനും യുഡിഎഫിനും അപ്രതീക്ഷിതമായി ഗുണം ചെയ്തു. മതന്യൂനപക്ഷങ്ങള്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന സംസ്ഥാനത്തെ വര്‍ഗീയ ധ്രുവീകരണമാണ് 19 സീറ്റിലും യുഡിഎഫിന് വിജയം നേടിക്കൊടുത്തത്. അമ്മ സോണിയയെയും സഹോദരി പ്രിയങ്ക വാദ്രയേയുംപോലെ താനും ഒരു ഹിന്ദുവാണെന്ന് രാഹുല്‍ അഭിനയിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരും മുസ്ലിങ്ങളും രാഹുലിനെ കാണുന്നത് അഹിന്ദുവായാണ്.
കോണ്‍ഗ്രസ്സിന് പങ്കാളിത്തമുള്ള സര്‍ക്കാരാവും ഇക്കുറി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയെന്ന് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിച്ചു. അവര്‍ ഒറ്റക്കെട്ടായി യുഡിഎഫിന് വോട്ടുചെയ്തു. എല്ലാ അര്‍ത്ഥത്തിലും കേരളത്തിലേതു വര്‍ഗീയതയുടെ വിജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: