കൊച്ചി: ആകെ ആശയക്കുഴപ്പം; പിണറായി ഭരണത്തിന് ഇളക്കം തട്ടി. മുഖ്യമന്ത്രിയുടേയും ഭരണ നിര്‍വഹണ സംഘത്തിന്റേയും നിയന്ത്രണവും മനസ്സാന്നിധ്യവും നഷ്ടമായി.
സുപ്രധാന നടപടികള്‍ പലവട്ടമാണ് സര്‍ക്കാര്‍ തിരുത്തിയത്. 12 മണിക്കൂറില്‍ മൂന്ന് വട്ടം മെഡിക്കല്‍ പ്രവേശനത്തില്‍ സംവരണ തീരുമാനം തിരുത്തി. പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹുവിനെ തിരുവനന്തപുരത്തേക്ക് മാറ്റിയെന്ന് പ്രഖ്യാപനം ഇറക്കി, കെ. ഗോപാലകൃഷ്ണനെ നിയമിച്ചതായും അറിയിപ്പു വന്നു. മണിക്കൂറുകള്‍ക്കകം നൂഹുവിന് മാറ്റമില്ലെന്ന തിരുത്തല്‍ വന്നു. പല കാരണങ്ങളാല്‍ ആടിയുലയുകയാണ് മുഖ്യമന്ത്രി പിണറായിയും ഭരണ സംവിധാനവുമെന്ന് വ്യക്തമാക്കുന്നതാണ് സംഭവങ്ങള്‍.
സംസ്ഥാനത്ത് എം ബി ബി എസിന് 10 ശതമാനം സാമ്പത്തിക സംവരണ സീറ്റ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ രണ്ടുതവണയാണ് തിരുത്തിയത്. ഒടുവില്‍സീറ്റ് വര്‍ധന സര്‍ക്കാര്‍ കോളജുകള്‍ക്ക് മാത്രമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിച്ചു. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണ് ഉത്തരവ് പലതവണ മാറ്റിയിറക്കാന്‍ കാരണമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ പറയുന്നു. എന്നാല്‍, അതു മാത്രമല്ല കാരണം എന്ന് വ്യക്തം.
എംബിബിഎസിന് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 % സംവരണം കൊണ്ടുവരാന്‍, ആകെ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് രണ്ടു തവണ സര്‍ക്കാര്‍ തിരുത്തി. ആദ്യം ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കി സംസ്ഥാനത്തെ എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കി. വിവാദമായപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്കും അനുമതി നല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത രണ്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് വര്‍ധനക്കുള്ള അനുമതിയില്‍ വിവാദം തുടരുന്നതിനിടെയാണ് 10 ശതമാനം സംവരണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം പരിമിതപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
















