അമ്പൂരി: അമ്പൂരിയിലെ കുമ്പിച്ചല്‍ കടവില്‍ നടന്നോ വള്ളത്തില്‍ കയറിയോ മറുകര കടക്കാനാവാതെ തൊടുമല നിവാസികള്‍. കടുത്ത വേനലില്‍ നെയ്യാര്‍ ജലസംഭരണിയിലെ കരിപ്പയാറില്‍ വെള്ളം കുറഞ്ഞതാണ് കടത്തുവള്ളം ഇറക്കാന്‍ സാധിക്കാത്തതിനു കാരണം. ചെറിയ തോടിനു സമാനമായി വെള്ളമൊഴുകുന്നതിനാലും ചെളി ഉള്ളതിനാലും നടന്നു പോകാനും കഴിയാത്തതിനാല്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി താല്‍ക്കാലിക മരപ്പാലം നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ പാലം തകര്‍ന്ന് ചില യാത്രക്കാര്‍ തോട്ടില്‍ വീണിരുന്നു. ഇതോടെ തൊടുമല നിവാസികള്‍ക്ക് മറുകര കടക്കാനാകുന്നില്ല. സ്കൂള്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും സ്കൂളിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കാരിക്കുഴി, ചാക്കപ്പാറ, ശംഖുംകോണം, കയ്പന്‍പ്ലാവിള, തൊടുമല, കുന്നത്തുമല, തെന്മല, ചാക്കപ്പാറ തുടങ്ങി 11 ഓളം ആദിവാസി സെറ്റില്‍മെന്റ് കോളനികളാണ് ഉള്ളത്. ഈ ആദിവാസി ഊരുകളെല്ലാം തന്നെ കടവിനക്കരെയാണുള്ളത്. വനവാസികളും മറ്റു നാട്ടുകാരുമെല്ലാമായി ആയിരത്തിയഞ്ഞൂറോളം പേരാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. ഇവരെല്ലാം തന്നെ കടത്തുതോണികളെ ആശ്രയിച്ച് വിവിധ കടത്തുകളിലൂടെയാണ് മറുകര കടക്കുന്നത്. ഏറ്റവും ദൂരം കൂടിയ കടവായ കുമ്പിച്ചല്‍ കടവില്‍ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമപഞ്ചായത്ത് മേല്കൈയെടുത്ത് നടത്തുന്ന കടത്ത് വൈകുന്നേരം ഏഴുമണി വരെയേ ഉണ്ടാകൂ. ഏഴു മണിക്ക് കടത്തുകാരന് പോയിക്കഴിഞ്ഞാല്‍ ആദിവാസി ഊരിലുള്ളവര്‍ക്ക് മറുകരയെത്തുകയെന്നത് അസാധ്യം. അസുഖബാധിതരായവരെയോ മൃഗങ്ങളുടെ ആക്രമണമുള്‍പ്പെടെയുള്ള അപകടം സംഭവിച്ചവരെയോ ആശുപത്രികളില്‍ കൊണ്ടുപോകാന്‍ ഒരു മാര്‍ഗവുമില്ല.
2009 നവംബര്‍ 3ന് ചങ്ങാടത്തില്‍ നിന്നും ജലസംഭരണിയില്‍ വീണ് 11 വയസുകാരനായ വിദ്യാര്‍ഥി സജോ മരിച്ചതുമുതല്‍ക്കാണ് പാലം എന്ന ആവശ്യം ശക്തമായത്. കുമ്പിച്ചല്‍ക്കടവ്, കരിമംകുളം ഉള്‍പ്പെടെയുള്ള കടത്തുകളിലൂടെയാണ് വനവാസികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നിത്യേന സ്കൂളുകളില്‍ പോയി മടങ്ങുന്നത്. ഏകദേശം അറുന്നൂറോളം കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം പേര് ഇവിടെ നിന്നും വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നു കടത്തു കടന്ന് വീണ്ടും അഞ്ച് കിലോമീറ്ററോളം നടന്നാണ് അമ്പൂരി, മായം എന്നിവിടങ്ങളില്‍ എത്തുന്നത്.
തിരുവനന്തപുരം എംപിയുടെ സംഭാവന ഒരു ഫൈബര്‍ ബോട്ടില്‍ ഒതുങ്ങി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍പ്പെടുത്തി ചാക്കപ്പാറ മുതല്‍ പുരവിമല വഴി തെന്മല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ദൂരം റോഡ് പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ റോഡ് നിര്‍മാണം വനംവകുപ്പിന്റെ നിയമ തടസ്സങ്ങള്‍ക്കു മുന്നില്‍ സ്തംഭിച്ചു. ഗ്രാമപഞ്ചായത്തനുവദിച്ച നാല്‍പ്പത് ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച പത്ത് ലക്ഷം എന്നിവയും വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിലവില്‍ വന്നിരുന്നെങ്കില്‍ തമിഴ്നാട് അതിര്‍ത്തി വഴി ഇവിടെയുള്ളവര്‍ക്ക് കടത്ത് കടക്കാതെ മറുകരയെത്താമായിരുന്നു. നിലവില്‍ റോഡും പാലവുമില്ലാതെ അവഗണനയുടെ തുരുത്തായി തുടരുകയാണ് അമ്പൂരിയിലെ വനവാസി ഊരുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: