തിരുവനന്തപുരം: ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ച വേളി മാധവപുരം ജയഭവനില്‍ ദീപകുമാറിന്റെ മൃതശരീരം വേഗത്തില്‍ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ നിര്‍ണായകമായി. അപകടം സംഭവിച്ച് മിനിട്ടുകള്‍ക്കുളളില്‍ തന്നെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ക്ക് വേഗത കൂട്ടുകയായിരുന്നുവെന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാര്‍ പറഞ്ഞു.
സാധാരണഗതിയില്‍ വിദേശത്ത് വെച്ച് മറ്റ് രാജ്യങ്ങളിലുളളവര്‍ മരണപ്പെട്ടാല്‍ അവധി ദിവസമാണെങ്കില്‍ കടുത്ത പ്രതിസന്ധിയാണുളളത്. അവധി കഴിയാതെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികളുണ്ടാകില്ല. എന്നാല്‍ അവധി മുഖവിലയ്‌ക്കെടുക്കാതെയുളള പ്രവര്‍ത്തനമാണ് കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ എംബസി വഴിയുണ്ടായത്. ദീപകുമാറിന്റെ മൃതശരീരത്തോടൊപ്പം അനുഗമിച്ച ദീപകുമാറിന്റെ അളിയന്‍ കണ്ണനും ഇക്കാര്യത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. എംബസി കോണ്‍സുലേറ്റ് മേധാവി ആശുപത്രിയിലെത്തിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചതെന്ന് കണ്ണന്‍ പറഞ്ഞു. ദുബായിയില്‍ ഈദ് ആഘോഷങ്ങളുടെ ഭാഗമായുളള അവധി ഇന്നലെയാണ് കഴിയുന്നത്.
ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിഞ്ഞ് മാത്രമേ നാട്ടിലെത്തിക്കാന്‍ കഴിയുകയുളളൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും മണിക്കൂറുകള്‍ക്കുളളില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നിയമനടപടികള്‍ പൂര്‍ത്തിയായത് അത്ഭുതകരമായ വിധത്തിലായിരുന്നുവെന്ന് കണ്ണന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷമായി കണ്ണനും വിദേശത്ത് ജോലി നോക്കുകയാണ്. വിദേശങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള എംബസിയുടെ പ്രവര്‍ത്തനം അഭിമാനാര്‍ഹമാണെന്നും കണ്ണന്‍ പറഞ്ഞു.
















