തിരുവനന്തപുരം: ശക്തമായി പെയ്ത് സംസ്ഥാനത്ത് കാലവര്‍ഷം വരവറിയിച്ചു. ഇന്നും നാളെയും സംസ്ഥാനവ്യാപകമായി കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും കണ്ണുരും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.
കേരള കര്‍ണാടക തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെയാകും കാറ്റിന്റെ സഞ്ചാരം. മുന്‍ കരുതല്‍ എന്ന നിലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ലക്ഷദ്വീപിനോടുചേര്‍ന്ന് അറബിക്കടല്‍, കേരള-കര്‍ണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കന്‍ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍വരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതല്‍ 110 കിലോമീറ്റര്‍വരെയും വേഗമാര്‍ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷത്തിന്റെ ശക്തികുറഞ്ഞേക്കും. അതേസമയം, സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. അന്‍പത്തിരണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ്ങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദമായ പഠനംവേണമെന്ന് ബോട്ട് ഉടമകള്‍ ആവശ്യപ്പെട്ടു.
















