കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നത് നീട്ടിവയ്‌ക്കും. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പി.ജെ. ജോസഫും, ജോസ് കെ. മാണിയും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുവേണ്ടിയാണ് നിയമസഭാ കക്ഷി നേതാവിന്റെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്. നേതാവിനെ തെരഞ്ഞെടുക്കാന്‍ പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് ജോസ് കെ. മാണി എംപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാത്തതിനാല്‍ പി.ജെ. ജോസഫിന് മുന്‍ നിരയില്‍ സ്പീക്കര്‍ അനുവദിച്ച ഇരിപ്പിടത്തില്‍ മാറ്റം ഉണ്ടാകില്ല.
സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ സി.എഫ്. തോമസിന്റെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പിന്റെ സാഹചര്യം ഒഴിവാക്കാന്‍ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ രൂപതകള്‍ സംയുക്തമായിട്ടാണ് ഇടപെടുന്നത്. പി.ജെ. ജോസഫും, ജോസ് കെ. മാണിയും തമ്മിലുള്ള ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കോളമെത്തിച്ചിരുന്നു. രണ്ട് നേതാക്കളും വ്യക്തിപരമായി കടന്നാക്രമിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ സഭ വീണ്ടും രംഗത്തിറങ്ങിയത്.
അതേ സമയം ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയുള്ള അവകാശവാദത്തില്‍ നിന്ന് ഇരുവിഭാഗവും പിന്മാറിയിട്ടില്ല. പി.ജെ. ജോസഫ് ചെയര്‍മാനും, ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും, സി.എഫ്. തോമസ് നിയമസഭാകക്ഷി നേതാവും എന്ന നിര്‍ദേശമാണ് പി.ജെ. ജോസഫ് മുന്നോട്ട് വച്ചിരിക്കുന്നത്. ജോസ് കെ. മാണി വിഭാഗം ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഈ സാഹചര്യത്തില്‍ ഭിന്നത പരിഹരിക്കുക സഭാ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണ്.
















