ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ പ്രധാന നേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. ബിജെപി ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയിരുന്നു. വിജയത്തിന്റെ ആലസ്യത്തില്‍ വീഴരുതെന്നും അമ്പത് ശതമാനത്തിലേറെ വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഷാ നിര്‍ദേശം നല്കി.
ആഭ്യന്തര മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ക്കിടെയാണ് അദ്ദേഹം യോഗം വിളിച്ചത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് നിരന്തര കൂടിക്കാഴ്ചകളാണ് ഏതാനും ദിവസങ്ങളായി മന്ത്രാലയത്തില്‍ നടന്നുവരുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഏറെ മുന്നിലാണ് ബിജെപിയെങ്കിലും പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന സന്ദേശമാണ് അമിത് ഷാ നല്‍കുന്നത്. അതേസമയം ലോക്സഭയില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. പ്രസിഡന്റ് രാഹുല്‍ രാജിഭീഷണി ഉയര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ കറങ്ങിനടക്കുകയാണ്.
ഹരിയാനയില്‍ മുഴുവന്‍ ലോക്സഭാ സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇവിടെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിളിച്ച യോഗം വാക്കേറ്റത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് പോരില്‍ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ്. ഝാര്‍ഖണ്ഡില്‍ 14-ല്‍ 12 ലോക്സഭാ സീറ്റും ബിജെപി നേടി. ആര്‍ജെഡിയും ജെഎംഎമ്മുമായി സഖ്യമുണ്ടാക്കാനാണ് ഇവിടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ല.
ഹരിയാനയിലും ഝാര്‍ഖണ്ഡിലും ബിജെപി ഒറ്റക്ക് മത്സരിക്കും. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കും. നേരത്തെ ഭിന്നസ്വരമുയര്‍ത്തിയിരുന്ന സേന മോദിയുടെ രണ്ടാം വരവോടെ ഏതാണ്ട് നിശബ്ദരാണ്. 48-ല്‍ 41 സീറ്റാണ് സഖ്യം നേടിയത്. എന്‍സിപിയുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശരത് പവാര്‍ പിന്മാറുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. മഹാരാഷ്ട്രയില്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്നൊരുക്കമില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുക, തോല്‍ക്കുമ്പോള്‍ വോട്ടിങ് യന്ത്രത്തെയോ ജനങ്ങളെയോ കുറ്റം പറയുക. ഏതാനും വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്സിന്റെ ‘രാഷ്ട്രീയ നയം’ ഉടനെയൊന്നും മാറ്റില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: