തൃശ്ശൂര്‍: പ്രധാനമന്ത്രിയെ കാണണമെന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് ബിജെപി നേതാക്കള്‍. വീല്‍ ചെയറിലെത്തിയ മുഹമ്മദ് ആസീമിനും പിതാവ് മുഹമ്മദ് സെയ്ദിനും നേതാക്കള്‍ക്കൊപ്പം സദസിന്റെ മുന്‍ നിരയില്‍ തന്നെ സ്ഥാനം ലഭിച്ചു.
‘ഹോണറബിള്‍ പ്രൈംമിനിസ്റ്റര്‍ പ്ലീസ് ഹെല്‍പ് മീ’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചത് തൃശ്ശൂരിലെ ബിജെപി അദ്ധ്യക്ഷന്‍ എ.നാഗേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം കേന്ദ്രമന്ത്രി വി.മുരളീധരനെ അറിയിക്കുകയും ആവശ്യമായ സൗകര്യമൊരുക്കുകയുമായിരുന്നു.
താന്‍ പഠിച്ചുകൊണ്ടിരുന്ന ഓമശ്ശേരി വെളിമണ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആസിമും പിതാവും ഏറെ നാളായി ബന്ധപ്പെട്ട അധികൃതരെയെല്ലാം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പഠന സൗകര്യമൊരുക്കിയില്ലെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമായിരുന്നു ആസിമിന്റെ ആഗ്രഹം.
















