കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ബംഗാളില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എബിവിപി തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ തൃണമൂല്‍ ഛാത്ര പരിഷദിന് (ടിഎംസിപി) തിരിച്ചടി ആകുന്നതാണ് തീരുമാനം.
20 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ ബംഗാളില്‍ നിന്നും അംഗമാക്കാനാണ് നിലവില്‍ എബിവിപി തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ 40,000 പേര്‍ ഇതുവരെ അംഗത്വം എടുത്തിട്ടുണ്ട്.
അതേസമയം ബംഗാളിലെ കോളേജുകളില്‍ യൂണിയന്‍ ഇലക്ഷന്‍ നടത്തണമെന്നും എബിവിപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ന് ശേഷം സംസ്ഥാനത്തെ കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സംസ്ഥാനത്തെ കോളേജുകളിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിലവില്‍ പാര്‍ട്ടി ചിഹ്നങ്ങളും പേരുകളും ഒന്നും ഉപയോഗിക്കുന്നില്ല. സ്വതന്ത്രരായാണ് യൂണിയന്‍ സ്ഥാനത്തേയ്‌ക്ക് നില്‍ക്കുന്നത്.
നിലവില്‍ ടിഎംസിപിയാണ് കോളേജുകളില്‍ യൂണിയന്‍ കൈയ്യടക്കിയിരിക്കുന്നത്. ചിലത് എസ്എഫ്‌ഐയും, വടക്കന്‍ ബംഗാളിലെ ചില സീറ്റുകള്‍ എബിവിപിക്കും ലഭിച്ചിട്ടുണ്ട്.
















