തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തുന്നത് ലോകം മുഴുവന്‍ കാണാതിരിക്കാന്‍ ടിവി ചാനലുകളുടെ കാഴ്ച മറച്ച് നിന്ന് കേരള പൊലീസ്. ദേശീയ ചാനലുകള്‍ അടക്കം പൊലീസിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. പ്രധാനമന്ത്രിയെ ചിത്രീകരിക്കുന്നയിടത്ത് കാഴ്ച മറച്ച് നില്‍ക്കാന്‍ നേതൃത്വം നല്‍കിയത് സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പിയാണ്. ഇവരോട് മാറാന്‍ എസ്.പി.ജി. സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അവിടെനിന്ന് മാറാനാകില്ലെന്ന നിലപാടില്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി. ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്. ഇന്നലെ പ്രധാനമന്ത്രി ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിന് കടന്നശേഷമാണ് സംഭവം. ക്ഷേത്രത്തിന് പുറത്തുനിന്ന് ചിത്രീകരിക്കുകയായിരുന്ന ദേശീയ ചാനലാണ് കിഴക്കേനടയിലെ വിളക്കിന് സമീപം നിന്നവര്‍ കാഴ്ച മറയ്‌ക്കുന്നുവെന്ന പരാതിയുമായി എസ്.പി.ജി.യെ സമീപിച്ചത്. ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി., മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസുകര്‍ എന്നിവരാണ് ഇവിടെ നിന്നിരുന്നത്.
















