തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ ഇതുവരെ കേസെടുത്തത് 119 പേര്‍ക്കെതിരെ. ഇതില്‍ 13 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ അധിക്ഷേപിച്ചതില്‍ 41 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമസഭ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
ശബരിമല വിഷയത്തില്‍ മാത്രം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന് 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 56 പ്രതികളാണ് ഈ കേസുകളിലുള്ളത്. ഇതില്‍ 26 പേര്‍ അറസ്റ്റിലായി. ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 11 പരാതികളാണ് നല്‍കിയത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ചോദ്യം ഉയര്‍ന്നെങ്കിലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല. ഇതിനു പിന്നാലെ നിയമസഭാ വെബ്സൈറ്റില്‍ ചോദ്യത്തിനുള്ള മറുപടി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതുപ്രകാരം 12 പേര്‍ക്കെതിരെ കേസെടുത്തെന്നും 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മന്ത്രിമാരായ കെ.ടി. ജലീല്‍, കെ.കെ.ഷൈലജ, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എംഎല്‍എമാരായ എന്‍.വിജയന്‍പിള്ള, എം.കെ മുനീര്‍, രാജു ഏബ്രഹാം, പി.സി ജോര്‍ജ്, എസ്.രാജേന്ദ്രന്‍, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, വി.ഡി.സതീശന്‍, കെ.വി.അബ്ദുല്‍ഖാദര്‍, വി.അബ്ദുറഹ്മാന്‍, പി.വി.അന്‍വര്‍, കെ.എം.ഷാജി, കെ.ആന്‍സലന്‍, ബി.സത്യന്‍, വി.ജോയി എന്നിവരാണ് പരാതിക്കാര്‍.
















