ന്യൂദല്‍ഹി : വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഐസി എഞ്ചിന് (ആന്തരിക ദഹന യന്ത്രം) ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
തുടക്കത്തില്‍ ഐസി എഞ്ചിന് സ്ഥാപിച്ചിട്ടുള്ള ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കാണ് നിരോധനം കൊണ്ടുവരുന്നത്. 2025ഓടെ ഇരു ചക്ര വാഹനങ്ങള്‍ക്കും 2023ഓടെ ഇത്തരം എഞ്ചിനുകളോടു കൂടിയ മുച്ചക്ര വാഹനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം 150 സിസിയില്‍ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകള് 2023 ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ അന്തരീക്ഷ മലിനീകരണം അപകടകരമാം വിധം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ നടന്നുവരികയാണ്. 2030 ഓടെ ഇന്ത്യന്‍ നിരത്തില്‍ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പകുതിയില്‍ അധികം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇരു ചക്ര -മുച്ചക്ര വാഹന വില്‍പ്പനയില്‍ മുന്‍പന്തിയിലാണ് ഇന്ത്യ.2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ 21 ദശലക്ഷം ഇരു ചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഇലക്ട്രിക് ബൈക്കുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി സബ്സിഡികളും മറ്റു മാര്‍ഗ്ഗങ്ങളും സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: