കണ്ണൂര്‍: ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ മര്‍ക്‌സിസ്റ്റ് ഭരണത്തിന്റെ അവസാന നാളുകളാണ് കേരളത്തിലും വരാന്‍ പോകുന്നതെന്ന് എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍. കണ്ണൂരില്‍ എബിവിപി സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ അജണ്ടകളുടെയും അക്രമത്തിന്റെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ദീര്‍ഘകാലം മുന്നോട്ടു പോകാനാവില്ല. അത്തരം പ്രസ്ഥാനങ്ങള്‍ നശിക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാതെയാണ് കമ്മ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റുകാര്‍ എന്നും നമ്മുടെ പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരായിരുന്നു.
വന്ദേമാതരമെന്നതും ഭാരത് മാതാ കീ ജയ് എന്നതും കേവലം ഒരു മുദ്രാവാക്യമല്ല. അത് സമര്‍പ്പണത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സേവിക്കാനുള്ള ഒരു ത്വര കൂടിയാണ് നമുക്ക് ഇത്തരം മുദ്രാവാക്യങ്ങള്‍. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സംഘടനയില്‍ ആളെക്കൂട്ടുന്നതിനുള്ള ഉപാധിയായിട്ട് മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കാണുന്നത്. എന്നാല്‍ വിദ്യാര്‍ഥി സമൂഹം രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നാണ് നമ്മുടെ സങ്കല്‍പം.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടകളോട് എബിവിപിക്ക് യോജിപ്പാണുള്ളത്. എന്നാല്‍ നമ്മുടെ അയല്‍ രാജ്യങ്ങളില്‍ ജീവിക്കാനാവാതെ പലായനം ചെയ്ത് രാഷ്‌ട്രീയ അഭയം തേടിയവരെ നാം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് എ. രജിലേഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.വി.എസ്. ഷേണായി, എബിവിപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണന്‍, ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനന്ദന്‍, അന്നപൂര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഒ.കെ. സന്തോഷ് കുമാര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി മനു പ്രസാദ് നന്ദിയും പറഞ്ഞു. ശിബിരം നാളെ സമാപിക്കും.
















